ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായി ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോർട്ട്. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന് പകരക്കാരനായാണ് സ്റ്റോക്‌സ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുക. നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്‌ടനാണ് സ്റ്റോക്‌സ്.
റൂട്ട് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബെൻ സ്റ്റോക്‌സ് തന്നെ ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം സ്റ്റോക്‌സിന്‍റെ നായകസ്ഥാനം സംബന്ധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപനം നടത്തിയേക്കും. കൂടാതെ ടെസ്റ്റ് ടീമിന്‍റെ മുഖ്യ കോച്ചായി ഗാരി കേസ്റ്റണ്‍ ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ആഷസ് പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും ഇംഗ്ലണ്ട് ടീം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജോ റൂട്ട് നായക സ്ഥാനത്ത് നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിജയം സ്വന്തമാക്കിയ നായകൻ എന്ന നേട്ടവുമായാണ് റൂട്ട് പിൻവാങ്ങിയത്. 2017ൽ അലിസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് റൂട്ട് ഇംഗ്ലണ്ടിന്‍റെ നായകസ്ഥാനം ഏറ്റെടുത്തത്. 64 മത്സരങ്ങളിൽ ടീമിനെ നയിച്ച റൂട്ട് 27 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്കെത്തിച്ചു. 26 മത്സരങ്ങളിൽ തോൽവിയും വഴങ്ങി.