മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുമ്പോളും സര്‍ഫറാസ് ഖാന് മുന്നില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വാതില്‍ തുറക്കാത്തത് ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയുമാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയത്. ഇതോടെ സര്‍ഫറാസിനായി ശക്തമായി വാദിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറടക്കം നിരവധി മുന്‍ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.
ഒടുവിലിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സെലക്‌ഷന്‍ കമ്മിറ്റി അംഗം ശ്രീധരൻ ശരത്. ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിനെക്കുറിച്ച് സംസാരിക്കവെ ഒരു സ്‌പോര്‍ട്‌സ് ചാനലിലാണ് സര്‍ഫറാസിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്രീധരൻ ശരത് സംസാരിച്ചത്. ടീം തെരഞ്ഞെടുക്കുമ്പോള്‍ കോമ്പോസിഷനും ബാലന്‍സും പരിഗണിക്കേണ്ടതുണ്ടെന്നാണ് ശരത് പറയുന്നത്.
സര്‍ഫറാസ് തീർച്ചയായും തങ്ങളുടെ റഡാറിലുണ്ട്. തക്കസമയത്ത് താരത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബാറ്റിങ് യൂണിറ്റിനെ ശ്രീധരൻ ശരത് പ്രശംസിക്കുകയും ചെയ്‌തു.
"കോലി ഇപ്പോഴും ഒരു മാച്ച് വിന്നറാണ്. ചേതേശ്വർ പുജാര ഏറെ സ്ഥിരതയോടെയാണ് ബാറ്റ് ചെയ്യുന്നത്. രോഹിത് ശർമ ഒരു മികച്ച ലീഡറും ബാറ്ററുമാണ്.
ശ്രേയസ് അയ്യരും മികവ് പുലര്‍ത്തുന്നുണ്ട്. യഥാർഥ കഴിവുള്ള താരങ്ങളാണ് ശുഭ്‌മാൻ ഗില്ലും കെഎൽ രാഹുലും" ശ്രീധരൻ ശരത് പറഞ്ഞു. അതേസമയം മിന്നും ഫോം തുടരുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്തത് സർഫറാസിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണെന്ന് സംസാരമുണ്ടായിരുന്നു. ഇതിന് പിന്നാലെ സെലക്‌ടര്‍മാര്‍ക്കെതിരെ രൂക്ഷ ഭാഷയിലാണ് സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചത്.
സര്‍ഫറാസ് ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് സെഞ്ച്വറികള്‍ നേടുന്നത്. ഇക്കാരണത്താല്‍ തന്നെ താരം ഫിറ്റാണ്. തടി ഇല്ലാത്ത മെലിഞ്ഞ കളിക്കാരെയാണ് തെരയുന്നതെങ്കിൽ, ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകളെ തെരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് ടീമിലുള്‍പ്പെടുത്താമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. സ്‌ക്വാഡില്‍ തന്‍റെ പേരില്ലാതിരുന്നതില്‍ അസ്വസ്ഥനായിരുന്നുവെന്ന് 25കാരനായ സര്‍ഫറാസ് തുറന്ന് പറഞ്ഞിരുന്നു.
"എവിടെപ്പോയാലും, ഞാന്‍ ഉടനെ ഇന്ത്യയ്‌ക്കായി കളിക്കുമെന്ന സംസാരം കേള്‍ക്കുമായിരുന്നു. എന്നെ ഒഴിവാക്കിയപ്പോള്‍ ആയിരക്കണക്കിന് സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയില്‍ ലഭിച്ചത്. ടീം പ്രഖ്യാപിക്കപ്പെട്ട ആ രാത്രി ശരിക്കും ഉറങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.
എന്തുകൊണ്ടാണ് ടീമിലില്ലാതിരുന്നതെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്‍റെ പിതാവുമായി സംസാരിച്ചതിന് ശേഷം ഞാന്‍ ഓക്കെയാണ്. പരിശീലനം മുടക്കുകയോ, ഡിപ്രഷനിലേക്ക് പോവുകയോ ഇല്ല. എന്‍റെ പരിശ്രമങ്ങള്‍ ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും" - സര്‍ഫറാസ് ഖാന്‍ പറഞ്ഞു.
രഞ്ജി ട്രോഫിയുടെ 2019-20 സീസണില്‍ 928 റൺസും 2021-22 സീസണില്‍ 982 റൺസുമാണ് താരം അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതിനോടകം മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സര്‍ഫറാസ് നേടിക്കഴിഞ്ഞു.
ALSO READ: WATCH: മേഹയെ ജീവിത സഖിയാക്കി അക്‌സര്‍ പട്ടേല്‍- വീഡിയോ കാണാം