കൊല്‍ക്കത്ത : ഇന്ത്യയുടെ മുന്‍ നായകന്മാരാണ് സൗരവ് ഗാംഗുലിയും വിരാട് കോലിയും. കളിക്കളത്തിൽ ആക്രമണോത്സുകരും ആവേശഭരിതരുമായ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതിയിലേക്ക് നയിച്ചവരാണ്. കളിക്കളത്തിലെ ആക്രമണോത്സുകതയുടെ അടിസ്ഥാനത്തില്‍ പലപ്പോഴും ഇരുവരേയും ആരാധകര്‍ താരതമ്യം ചെയ്യാറുണ്ട്.
എന്നാല്‍ താരതമ്യം കഴിവുകളുടെ അടിസ്ഥാനത്തിലാണ് വേണ്ടതെന്ന് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ അധ്യക്ഷന്‍ കൂടിയായ സൗരവ് ഗാംഗുലി. കളിക്കാരനെന്ന നിലയില്‍ വിരാട് കോലി തന്നേക്കാള്‍ കഴിവുള്ളയാളാണെന്ന് ഗാംഗുലി പറഞ്ഞു. ഒരു അഭിമുഖത്തില്‍ അവതാരകന്‍റെ ചോദ്യത്തോടാണ് ഗാംഗുലിയുടെ പ്രതികരണം.
ആക്രമണോത്സുകതയുമായി ബന്ധപ്പെടുത്തി കോലിയുമായുള്ള താരതമ്യങ്ങളെ എങ്ങനെയാണ് കാണുന്നതെന്നായിരുന്നു ചോദ്യം. "ഒരു കളിക്കാരനെന്ന നിലയിലുള്ള താരതമ്യം കഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം. അങ്ങനെ നോക്കുകയാണെങ്കില്‍ അവൻ എന്നേക്കാൾ കഴിവുള്ളവനാണെന്ന് ഞാൻ കരുതുന്നു" - ഗാംഗുലി മറുപടി നല്‍കി.
ഞങ്ങള്‍ വ്യത്യസ്ത തലമുറകളിലാണ് കളിച്ചത്. ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഞാനെന്‍റെ തലമുറയില്‍ നിരവധി മത്സരങ്ങള്‍ കളിച്ചു. നിലവിലെ കണക്കുകള്‍വച്ചാണെങ്കില്‍ കോലിയേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ കോലി കളിക്കുന്നത് തുടരും. ഈ തലമുറയില്‍ തന്നേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ താരത്തിന് കഴിയുമെന്നും ഗാംഗുലി പറഞ്ഞു.
ഫോമിലല്ലാത്ത കാലത്ത് കോലിക്ക് എന്തെങ്കിലും ഉപദേശം നല്‍കിയിരുന്നോയെന്ന ചോദ്യത്തോടും ഗാംഗുലി പ്രതികരിച്ചു. അതിന് കോലിയെ കണ്ടുകിട്ടിയിട്ട് വേണ്ടേയെന്നും താരം എപ്പോഴും യാത്രയിലല്ലേ എന്നുമായിരുന്നു ബിസിസിഐ അധ്യക്ഷന്‍റെ മറുപടി.
അതേസമയം 13 വര്‍ഷം നീണ്ട കരിയറില്‍ മോശം ഫോമിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കോലി ഏഷ്യ കപ്പ് ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനെതിരായ മത്സരത്തില്‍ സെഞ്ച്വറി പ്രകടനവുമായി താരം തിളങ്ങിയിരുന്നു.
വെറും 61 പന്തില്‍ 122 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നു. 12 ഫോറുകളും ആറ് സിക്‌സുകളുമാണ് കോലിയുടെ ഇന്നിങ്‌സിന് തിളക്കമേകിയത്. മൂന്നക്കം തൊടാനുള്ള മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് കോലി ഈ മത്സരത്തില്‍ ആവസാനിപ്പിച്ചത്.
ടി20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്‍റില്‍ ആകെ അഞ്ച് മത്സരങ്ങളില്‍ 147.59 സ്ട്രൈക്ക് റേറ്റില്‍ 276 റണ്‍സാണ് താരം അടിച്ചെടുത്തത്.