മുംബൈ: 2023-ഓടെ വനിത ഐപിഎൽ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഉദ്ഘാടന പതിപ്പിൽ അഞ്ചോ ആറോ ടീമുകളെ ഉൾപ്പെടുത്താനാണ് ബോർഡ് ആലോചിക്കുന്നത്. പുരുഷ ഐപിഎൽ മാതൃകയിൽ വനിത ഐപിഎല്ലും ആരംഭിക്കണമെന്ന് താരങ്ങൾക്കിടയിൽ നിന്നുൾപ്പെടെ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
സമ്പൂർണ വനിത ഐപിഎല്ലിനായി എജിഎമ്മിന്‍റെ അംഗീകാരം ആവശ്യമായുണ്ട്. അടുത്ത വർഷത്തോടെ വനിത ഐപിഎൽ ആരംഭിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. ഗവേർണിങ് കമ്മിറ്റി യോഗത്തിന് ശേഷം ഗാംഗുലി വ്യക്തമാക്കി. വനിത ഐപിഎൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും നേരത്തെ അറിയിച്ചിരുന്നു.
ഐപിഎല്ലിന് സമാന്തരമായി മൂന്ന് ടീമുകൾ പങ്കെടുക്കുന്ന വനിത ടി20 ചലഞ്ചാണ് നിലവിൽ ബിസിസിഐ നടത്തുന്നത്. ഇതിനെ തന്നെ പരിഷ്‌കരിച്ച് കൂടുതൽ താരങ്ങളേയും, ടീമുകളേയും ഉൾക്കൊള്ളിച്ചുകൊണ്ട് വനിത ഐപിഎൽ ആയി നടത്താനാണ് ഇപ്പോൾ ബിസിസിഐയുടെ ആലോചന.
ALSO READ: IPL 2022: ഐപിഎല്‍ പൂരത്തിന് കൊടിയേറ്റം; ഇനി കുട്ടിക്രിക്കറ്റിലെ താരപ്പോരിന്‍റെ ദിനരാത്രങ്ങൾ
അതേസമയം 2023-2027 വർഷത്തെ ഐപിഎൽ മീഡിയ ടെണ്ടർ ഉടൻ പുറപ്പെടുവിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. റിലയൻസിന്‍റെ സ്ഥാപനമായ വയാകോം 18, ഡിസ്‌നി സ്റ്റാർ, സോണി, ആമസോൺ എന്നീ കമ്പനികളാണ് സപ്രേക്ഷണവകാശം സ്വന്തമാക്കുന്നതിന് താൽപര്യം അറിയിച്ചിട്ടുള്ളത്. 2018-2022 കാലത്തേക്കുള്ള സംപ്രേക്ഷണവകാശം 16,347.5 കോടി രൂപയ്‌ക്ക് സ്റ്റാർ ഇന്ത്യയാണ് സ്വന്തമാക്കിയിട്ടുള്ളത്.