ന്യൂഡൽഹി: ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ രാജ്യാന്തര കായിക മേളകള്‍ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ പങ്കെടുക്കുന്നതിന് ബിസിസിഐ അനുമതി. ബിസിസിഐ അപെക്സ് കൗൺസില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 2028ൽ ലോസ് ഏഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റിന് അനുമതി ലഭിച്ചാല്‍ ഇന്ത്യന്‍ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ അയക്കുമെന്നാണ് ബിസിസിഐ പറയുന്നത്.
അടുത്തവർഷം ബർമിംഗ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ടീമിനെ അയക്കുമെന്നും ബിസിസിഐ അറിയിച്ചു. ഒളിമ്പിക്സിൽ ക്രിക്കറ്റിന്‍റെ ഏത് ഫോർമാറ്റാവുമുണ്ടാവുകയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ടി20 മത്സരങ്ങള്‍ക്കായിരുന്നു പ്രാരംഭ പരിഗണന, എന്നാൽ ടി10 എന്ന ഫോര്‍മാറ്റിന് ഐസിസി അംഗീകാരം നല്‍കിയതോടെ ഇക്കാര്യവും പരിഗണനയിലുണ്ട്.
ഒരു ടി10 മത്സരം 90 മിനിറ്റിൽ പൂർത്തിയാക്കാൻ കഴിയും. ഒളിമ്പിക്സ് പോലെ കൂടുതല്‍ ഇനങ്ങളുള്ള വലിയ കായികോത്സവത്തിന് ഹ്രസ്വ ദൈർഘ്യ മത്സരങ്ങൾ വലിയ നേട്ടമാവുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പിന്നീട് തീരുമാനമുണ്ടാവും. അതേസമയം ബിസിസിഐയുടെ പുതിയ തീരുമാനം ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ(ഐസിസി) ശ്രമങ്ങൾക്ക് ഊർജ്ജം പകരും. 1900ൽ പാരീസിൽ നടന്ന ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഉണ്ടായിരുന്നത്.