മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ വനികള്‍ക്കെതിരെ ബംഗ്ലാദേശ് വനിതകള്‍ നേടുന്ന ആദ്യ വിജയമാണിത്.
മഴയെത്തുടര്‍ന്ന് 44 ഓവറാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് നേടിയ 152 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 35.5 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ബാറ്റിങ് നിരയിലെ പ്രധാനികള്‍ ഒന്നടങ്കം നിരാശപ്പെടുത്തിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. 40 പന്തില്‍ 20 റണ്‍സെടുത്ത ദീപ്‌തി ശര്‍മയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍.
ബംഗ്ലാദേശിനായി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മറൂഫ അക്തറും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റബേയ ഖാനും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 37 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌മൃതി മന്ദാനയാണ് (12 പന്തുകളില്‍ 11) ആദ്യം വീണത്. പിന്നാലെ പ്രിയ പൂനിയ (27 പന്തുകളില്‍ 10), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (5 പന്തുകളില്‍ 5) എന്നിവരും തിരിച്ച് കയറിയത്.
യാസ്‌തിക ഭാട്ടിയ (24 പന്തില്‍ 15), ജമീമ റോഡ്രിഗസ് (26 പന്തില്‍ 10) എന്നിവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. ആറാം വിക്കറ്റില്‍ 30 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ദീപ്‌തി ശര്‍മ - അമന്‍ജോത് കൗര്‍ സഖ്യമാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
29-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അമന്‍ജോത് കൗറിനെ (40 പന്തുകളില്‍ 15) പുറത്താക്കിയ മറൂഫ അക്തറാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത പന്തില്‍ സ്‌നേഹ് റാണയേയും (0) പവലിയനിലേക്ക് അയച്ച് താരം ഇന്ത്യയ്‌ക്ക് തുടര്‍ പ്രഹരം നല്‍കി. പിന്നാലെ ദീപ്‌തിയുടെ ചെറുത്ത് നില്‍പ്പും അവസാനിച്ചു. പൂജ വസ്‌ത്രാകര്‍ (11 പന്തുകളില്‍ 7), ബാറെഡ്ഡി അനുഷ ( 5 പന്തുകളില്‍ 2) എന്നിവര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു. 64 പന്തുകളില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി നാല് വിക്കറ്റ് വീഴ്‌ത്തിയ അമന്‍ജോത് കൗറാണ് ബംഗ്ലാദേശിനെ പിടിച്ച് കെട്ടിയത്. ആദ്യ രാജ്യാന്തര ഏകദിനം കളിക്കുന്ന അമന്‍ജോത് കൗര്‍ ഒമ്പത് ഓവറില്‍ 31 റണ്‍സിനാണ് നാല് വിക്കറ്റുകള്‍ നേടിയത്. ദേവിക വൈദ്യ രണ്ടും ദീപ്‌തി ശര്‍മ ഒന്നും വിക്കറ്റുകള്‍ നേടിയിരുന്നു.
ALSO READ: സൂര്യയും പുജാരയും ദയനീയം ; വെസ്റ്റ് സോണിനെ മലര്‍ത്തിയടിച്ച സൗത്ത് സോണിന് ദുലീപ് ട്രോഫി