ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകള്‍. ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കാൻ അശ്വിന് ഇനി 11 റണ്‍സ് മാത്രം മതി. ഇതോടെ ഇതിഹാസങ്ങള്‍ മാത്രമുള്ള ഒരു അപൂര്‍വ പട്ടികയില്‍ ഇടം നേടാന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് കഴിയും.
ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസും 400ലധികം വിക്കറ്റുകളും നേടിയ താരങ്ങളുടെ പട്ടികയിലാണ് അശ്വിന് ഇടം ലഭിക്കുക. ഇന്ത്യയുടെ കപിൽ ദേവ്, ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ, ന്യൂസിലൻഡിന്‍റെ റിച്ചാർഡ് ഹാഡ്‌ലി, ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്ക് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
ഇതൊടൊപ്പം ടെസ്റ്റില്‍ 450 വിക്കറ്റുകളെന്ന നാഴിക കല്ലിലേക്ക് വെറും ഏഴ് വിക്കറ്റുകള്‍ അകലെ കൂടിയാണ് അശ്വിനുള്ളത്. ബംഗ്ലാദേശിനെതിരെ ഇത്രയും വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് തികച്ച ഇന്ത്യക്കാരനും മൊത്തത്തിൽ രണ്ടാം സ്ഥാനക്കാരനാവാനും 36കാരന് കഴിയും.
93 മത്സരങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച അനില്‍ കുംബ്ലെയെയാണ് ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ അശ്വിന്‍ മറികടക്കുക. 80 മത്സരങ്ങളില്‍ നിന്നും 450 വിക്കറ്റുകള്‍ സ്വന്തമാക്കിയ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 87 മത്സരങ്ങളില്‍ നിന്നുമാണ് അശ്വിന്‍ 443 വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
റെക്കോഡിനരികെ പുജാരയും: ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയും ഒരു സുപ്രധാന നാഴിക കല്ലിന് അരികെയാണുള്ളത്. ബംഗ്ലാദേശിനെതിരെ വെറും 16 റണ്‍സ് നേടിയാല്‍ ടെസ്റ്റില്‍ 8000 റണ്‍സ് തികയ്‌ക്കുന്ന എട്ടാമത്തെ മാത്രം ഇന്ത്യാക്കാരനാവാന്‍ പുജാരയ്‌ക്ക് കഴിയും. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്‌കർ, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, വിരാട് കോലി, സൗരവ് ഗാംഗുലി എന്നിവരാണ് പുജാരയ്‌ക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്.
സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ഇന്ത്യ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ മിര്‍പൂരിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ചിറ്റഗോങ്ങില്‍ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ ജയമാണ് ലക്ഷ്യമിടുന്നത്.
ചിറ്റഗോങ്ങില്‍ 188 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. പരിക്കേറ്റ രോഹിത് ശര്‍മയും പേസര്‍ നവ്ദീപ് സൈനിയും പരമ്പരയില്‍ നിന്നും പുറത്തായതായതായി ബിസിസിഐ അറിയിച്ചിരുന്നു. ഇതോടെ കെഎല്‍ രാഹുലിന് കീഴിലാണ് മിര്‍പൂരിലും ഇന്ത്യ ഇറങ്ങുക.
ഇന്ത്യന്‍ സ്‌ക്വാഡ്: കെഎൽ രാഹുൽ (സി), ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പുജാര (വിസി), വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, സൗരഭ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്.