ദുബൈ: ഐസിസി ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന് ബംഗ്ലാദേശ് പേസർ ഷൊഹീദുൽ ഇസ്ലാമിനെ സസ്പെന്‍ഡ് ചെയ്‌തു. ആർട്ടിക്കിൾ 2.1ന്‍റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഐസിസി കണ്ടെത്തല്‍. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 10 മാസത്തേക്കാണ് താരത്തെ വിലക്കിയത്.
ഈ വര്‍ഷം മെയ് 28 മുതല്‍ 2023 മാര്‍ച്ച് 28 വരെയാണ് വിലക്ക്. ബംഗ്ലാദേശിനായി ഒരു ടി20 മത്സരമാണ് 27കാരനായ ഷൊഹീദുൽ കളിച്ചിട്ടുള്ളത്. ഐസിസിയുടെ ഔട്ട് ഓഫ് കോംപറ്റീഷൻ ടെസ്റ്റിങ് പ്രോഗ്രാമിന്‍റെ ഭാഗമായി നടത്തിയ മൂത്ര സാംപിള്‍ പരിശോധനയിലാണ് താരം പിടിക്കപ്പെട്ടത്. വാഡയുടെ നിരോധന പട്ടികയിലുള്ള ക്ലോമിഫെന്‍റെ അംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ചികിത്സ ആവശ്യങ്ങൾക്കായി നിയമപരമായി നിർദേശിച്ച മരുന്നിന്‍റെ രൂപത്തിലാണ് നിരോധിത പദാർത്ഥം താരം കഴിച്ചത്. പ്രകടനം മെച്ചപ്പെടുത്താനല്ല മരുന്ന് ഉപയോഗിച്ചതെന്ന ഷൊഹീദുലിന്‍റെ വിശദീകരണം ഐസിസി അംഗീകരിച്ചു.
ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ എവേ പരമ്പരകളില്‍ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും ഷൊഹിദുലിന് കളിക്കാനായിരുന്നില്ല. വെസ്റ്റ്‌ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ടി20 ടീമുകളിലും ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്ക് തിരിച്ചടിയാവുകയായിരുന്നു.