ദുബായ് : മാര്‍ച്ചിലെ ഐസിസിയുടെ പുരുഷ-വനിതാ താരങ്ങളായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും ഓസ്‌ട്രേലിയന്‍ താരം റേച്ചൽ ഹെയ്‌ൻസിനെയും തിരഞ്ഞെടുത്തു. ക്രെയ്ഗ് ബ്രാത്‌വെയ്‌റ്റ് (വെസ്റ്റ് ഇൻഡീസ്), പാറ്റ് കമ്മിൻസ് (ഓസ്‌ട്രേലിയ) എന്നിവരെ പിന്തള്ളിയാണ് ബാബര്‍ അസം മാര്‍ച്ചിലെ പുരുഷ താരമായത്. ഓസ്‌ട്രേലിയയുടെ പാക് പര്യടനത്തിലെ പ്രകടനമാണ് അസമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ടെസ്റ്റ് പരമ്പരയില്‍ 390 റൺസാണ് താരം അടിച്ചെടുത്തത്. കറാച്ചിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കരിയറിലെ ഏറ്റവും വലിയ സ്‌കോറായ 196 റൺസും അസം കണ്ടെത്തി. തുടര്‍ന്ന് നടന്ന ഏകദിന മത്സരങ്ങളിലും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ അസം കരുത്ത് കാട്ടിയിരുന്നു.
കഴിഞ്ഞ ഏപ്രിലിലും ബാബര്‍ അസമിന് തന്നെയായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഇതോടെ തുടര്‍ച്ചയായി രണ്ട് തവണ ഐസിസി പ്ലെയർ ഓഫ് ദ മന്ത് (പുരുഷന്‍) പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടവും പാക് നായകന്‍ സ്വന്തമാക്കി.
also read: IPL 2022 | 'ഹര്‍ദിക് നിങ്ങളൊരു മോശം ക്യാപ്റ്റനാണ്' ; ഷമിക്കെതിരായ ആക്രോശത്തില്‍ സോഷ്യല്‍ മീഡിയ
അതേസമയം ഓസ്‌ട്രേലിയയുടെ ഏഴാമത് വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചാണ് റേച്ചൽ ഹെയ്‌ൻസ് പുരസ്‌കാരം അടിച്ചെടുത്തത്. എട്ട് മത്സരങ്ങളിൽ നിന്ന് 61.28 ശരാശരിയിൽ 429 റണ്‍സാണ് താരം നേടിയത്. ന്യൂസിലാൻഡിൽ നടന്ന ലോക കപ്പിലെ മിന്നുന്ന പ്രകടനത്തോടെ സഹ നോമിനികളായ സോഫി എക്ലെസ്റ്റോൺ (ഇംഗ്ലണ്ട്), ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക) എന്നിവരെ മറികടന്നാണ് റേച്ചലിന്‍റെ നേട്ടം.