ദുബായ്: ഐസിസിയുടെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള 2021-ലെ പുരസ്‌കാരം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് മികച്ച ഏകദിന താരത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്.
ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, ശ്രീലങ്കയുടെ ടെസ്റ്റ് നായകന്‍ ദിമുത് കരുണരത്നെ എന്നിവരെ പിന്തള്ളിയാണ് മികച്ച ടെസ്റ്റ് താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് കൂട്ടിയതാണ് റൂട്ടിന് നേട്ടമായത്.
15 മത്സരങ്ങളില്‍ ആറ് സെഞ്ചുറിയടക്കം 1,708 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇതോടെ പാകിസ്ഥാന്‍റെ മുഹമ്മദ് യൂസഫിനും വെസ്റ്റ്‌ഇൻഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനും ശേഷം ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം 1700 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാവാനും റൂട്ടിന് കഴിഞ്ഞിരുന്നു. ടെസ്റ്റില്‍ 14 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.
also read:ഐസിസിയുടെ മികച്ച വനിത താരമായി സ്മൃതി മന്ദാന
അതേസമയം ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജാന്നെമന്‍ മലാന്‍, അയര്‍ലന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങ് എന്നിവരെ മറികടന്നാണ് ബാബറിന്‍റെ നേട്ടം. പോയവര്‍ഷം ആറ് ഏകദിനങ്ങളില്‍ നിന്ന് 405 റൺസാണ് ബാബര്‍ അടിച്ച് കൂട്ടിയത്. 67.50 ശരാശരിയിൽ രണ്ടു സെഞ്ചുറികളടക്കമാണ് താരത്തിന്‍റെ പ്രകടനം.