മെല്‍ബണ്‍ : ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നിലവില്‍ 241 റണ്‍സിന്‍റെ ലീഡ് ഓസീസിനുണ്ട് (Australia vs Pakistan 2nd Test Day 3 Report).
42 പന്തില്‍ 16 റണ്‍സുമായി അലക്‌സ് കാരിയാണ് (Alex Carey) ക്രീസില്‍. മൂന്നാം ദിനം 194-6 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്ഥാനെ 264 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. ഇതോടെ, ഒന്നാം ഇന്നിങ്‌സില്‍ 54 റണ്‍സിന്‍റെ ലീഡും ഓസീസ് സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും നാല് വിക്കറ്റ് വീഴ്‌ത്തിയ നാഥന്‍ ലിയോണും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. തുടര്‍ന്ന്, ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. 16 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ഓസീസിന് നഷ്‌ടമായി.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ഉസ്‌മാന്‍ ഖവാജയെ വീഴ്‌ത്തി ഷഹീന്‍ അഫ്രീദിയാണ് ഓസ്‌ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ, മൂന്നാം ഓവറില്‍ മാര്‍നസ് ലബുഷെയ്‌നെയും ഓസ്‌ട്രേലിയക്ക് നഷ്‌ടപ്പെട്ടു. എട്ട് പന്തില്‍ നാല് റണ്‍സ് നേടിയ ലബുഷെയ്‌നെയും ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്.
അഞ്ചാം ഓവറില്‍ ഡേവിഡ് വാര്‍ണറിന്‍റെ വിക്കറ്റും ആതിഥേയര്‍ക്ക് നഷ്‌ടമായി. മിര്‍ ഹംസയാണ് വാര്‍ണറിനെ പുറത്താക്കിയത്. പുറത്താകുമ്പോള്‍ 16 പന്തില്‍ 6 റണ്‍സായിരുന്നു വാര്‍ണറിന്‍റെ സാമ്പാദ്യം.
പിന്നാലെയെത്തിയ ട്രാവിസ് ഹെഡിന്‍റെ ആയുസ് ഒരു പന്ത് മാത്രമായിരുന്നു. ഹെഡും മടങ്ങിയതോടെ 16-4 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയ വീണു. അഞ്ചാം വിക്കറ്റില്‍ സ്റ്റീവ് സ്‌മിത്തും മിച്ചല്‍ മാര്‍ഷും ക്രീസിലൊന്നിച്ചതോടെ കളിയുടെ ഗതി മാറി.
ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഇരുവരും ഓസീസ് സ്കോര്‍ പതിയെ ഉയര്‍ത്തി. 153 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഓസീസ് സ്കോര്‍ 169ല്‍ നില്‍ക്കെ മാര്‍ഷിനെ മടക്കി മിര്‍ ഹംസയാണ് കൂട്ടുകെട്ട് പൊളിച്ചത്.
സെഞ്ച്വറിക്ക് 4 റണ്‍സ് അകലെയായിരുന്നു മാര്‍ഷ് (130 പന്തില്‍ 96) വീണത്. 176 പന്തില്‍ 50 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റ് നഷ്‌ടപ്പെട്ടതോടെ മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 318 റണ്‍സാണ് നേടിയത്.
Also Read : എംസിജിയിലെ കാണികളോട് യാത്ര പറഞ്ഞ് വാര്‍ണര്‍, കുട്ടി ആരാധകന് ഗ്ലൗസ് സമ്മാനിച്ച് മടക്കം : വീഡിയോ