കാൻബെറ : ഓസ്‌ട്രേലിയയുടെ ഏകദിന നായകനായി പേസർ പാറ്റ് കമ്മിൻസിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം വിരമിച്ച ആരോണ്‍ ഫിഞ്ചിന് പകരക്കാരനായാണ് നിലവിലെ ടെസ്റ്റ് ക്യാപ്‌റ്റനായ കമ്മിൻസ് ഏകദിന ക്യാപ്‌റ്റൻസി കൂടി ഏറ്റെടുക്കുന്നത്. നായകസ്ഥാനം ഏറ്റെടുത്തതോടെ ഓസ്‌ട്രേലിയൻ ഏകദിന ടീമിനെ നയിക്കുന്ന ആദ്യത്തെ ഫാസ്റ്റ് ബോളർ എന്ന നേട്ടവും പാറ്റ് കമ്മിൻസ് സ്വന്തമാക്കി. ഷെയ്‌ൻ വോണിന് ശേഷം ഓസീസ് ഏകദിന നായകനാകുന്ന രണ്ടാമത്തെ ബോളർ കൂടിയാണ് കമ്മിൻസ്.
അതേസമയം വൈസ് ക്യാപ്‌റ്റനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നായക സ്ഥാനത്തേക്ക് സ്റ്റീവ് സ്‌മിത്ത്, മിച്ച് മാർഷ്, അലക്‌സ് കാരി, ഗ്ലെൻ മാക്‌സ്‌വെൽ എന്നീ താരങ്ങളേയും പരിഗണിച്ചിരുന്നു. എന്നാൽ ടെസ്റ്റ് ടീമിൽ നായകനായുള്ള കമ്മിൻസിന്‍റെ പ്രകടനം കണക്കിലെടുത്ത് ഏകദിനത്തിലും താരത്തെ തന്നെ പരിഗണിക്കുകയായിരുന്നു. പന്തുചുരണ്ടൽ വിവാദത്തിൽ പെട്ട് ആജീവനാന്ത നായക വിലക്ക് നേരിടുന്നതാണ് ഡേവിഡ് വാർണർക്ക് തിരിച്ചടിയായത്.
അതേസമയം ഏകദിന ടീമിനെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിലേക്കായി സജ്ജമാക്കുക എന്ന ഭാരിച്ച കടമയാണ് കമ്മിൻസിന് മുന്നിലുള്ളത്. 'ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം പാറ്റ് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 2023 ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹം ടീമിനെ നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' - ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉദ്ധരിച്ച് സെലക്ഷൻ ചീഫ് ജോർജ് ബെയ്‌ലി പറഞ്ഞു.