സിഡ്‌നി : ക്രിക്കറ്റിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് ഓസ്‌ട്രേലിയന്‍ വനിത ടീം ക്യാപ്റ്റന്‍ മെഗ് ലാനിങ്. ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം പാക് വനിതകള്‍ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയിലൂടെയാണ് മെഗ് ലാനിങ് വീണ്ടും കളത്തിലിറങ്ങുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസീസിനെ സ്വര്‍ണത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് 30കാരിയായ മെഗ് ലാനിങ് ക്രിക്കറ്റില്‍ നിന്നും അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചത്.
ക്രിക്കറ്റ് തിരക്കുകളില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനാണ് താരം ഇടവേളയെടുത്തിരുന്നത്. ഇപ്പോഴിതാ തന്‍റെ ഒഴിവുകാല ജീവിതത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മെഗ് ലാനിങ്. പ്രാദേശിക കഫേയിൽ ജോലി ചെയ്യുകയും ഒരു സാധാരണ വ്യക്തിയെപ്പോലെ തോന്നാൻ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയും ചെയ്തുവെന്നാണ് താരം പറഞ്ഞത്.
"ക്രിക്കറ്റില്‍ നിന്നും മാറി നിന്ന് ഇഷ്‌ടമുള്ള മറ്റുകാര്യങ്ങള്‍ ചെയ്യുന്നത് നല്ല ആശയമാണെന്ന് എനിക്ക് തോന്നി. എന്നാല്‍ അതെങ്ങനെയാവുമെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കഫേയിൽ ജോലിചെയ്‌തത് എനിക്ക് കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് നൽകി. ഓരോ ദിവസവും എങ്ങനെയാവുമെന്നതിനെക്കുറിച്ച് അറിയാതെയാണ് നമ്മള്‍ അതിനെ അഭിമുഖീകരിക്കുന്നത്.
ചിലപ്പോള്‍ ഏറെ തിരക്കുള്ളതാവും. ചിലപ്പോള്‍ തിരക്ക് കുറവും. ഉപഭോക്താക്കളുമായും മറ്റും വ്യത്യസ്തമായ സംഭാഷണങ്ങൾ നടത്തുമ്പോൾ, അത് ശരിക്കും രസകരമാണെന്ന് ഞാൻ കണ്ടെത്തി. അവിടെ സാധനങ്ങള്‍ എടുത്തുനല്‍കുകയും പാത്രം കഴുകുകയും ഒക്കെ ചെയ്‌തിട്ടുണ്ട്. കുറച്ചുകൂടി സ്വാതന്ത്ര്യമുള്ളതിനാലും ചെയ്യുന്ന കാര്യങ്ങളില്‍ സമ്മര്‍ദം കുറവായതിനാലും ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടി വന്നിരുന്നില്ല. ഞാൻ അത് ശരിക്കും ആസ്വദിച്ചു.
ഒരുപാട് വ്യത്യസ്‌ത ആളുകളിൽ നിന്ന് എനിക്ക് വളരെയധികം പിന്തുണ ഉണ്ടായിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. നിങ്ങളുടെ കൈ ഉയർത്തി നിങ്ങൾക്ക് അൽപ്പം വിശ്രമം ആവശ്യമാണെന്ന് പറയുന്നതിൽ തീർച്ചയായും ലജ്ജിക്കേണ്ടതില്ല" - മെഗ് ലാനിങ് വ്യക്തമാക്കി.
ക്രിക്കറ്റില്‍ ഇനിയും ഏറെ നേടാനുണ്ടെന്ന തോന്നലാണ് തിരിച്ചുവരവിന് പിന്നിലെന്നും 30കാരി കൂട്ടിച്ചേര്‍ത്തു. ഇടവേളക്കാലത്ത് ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റും ബിഗ് ബാഷ് ലീഗും താരത്തിന് നഷ്‌ടമായിരുന്നു.
അതേസമയം പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. തുടര്‍ന്ന് ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളിലേക്കും ഓസീസ് ടീം ശ്രദ്ധ കേന്ദ്രീകരിക്കും.