മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് യുഎഇ വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും ശ്രീലങ്ക പിന്മാറിയതോടെയാണ് പുതിയ തീരുമാനം.
ടി20 ഫോര്‍മാറ്റില്‍ ഓഗസ്റ്റ് 27 മുതൽ സെപ്‌റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന നിലയില്‍ യുഎഇ തന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് ഗാംഗുലി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്തെ രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യത മത്സരം കളിച്ച് എത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക.
ഹോങ്കോങ്, സിംഗപ്പൂർ, കുവൈറ്റ്, യുഎഇ എന്നീ ടീമുകളാണ് യോഗ്യത മത്സരത്തില്‍ കളിക്കുക. ഓഗസ്റ്റ് 20 മുതലാണ് യോഗ്യത മത്സരങ്ങള്‍. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യ കപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യയാണ് ജേതാക്കളായത്.