ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക് ഇടം നേടിയത് ഏറെ ചര്‍ച്ചയായിരുന്നു. റിഷഭ് പന്തിനെ പുറത്തിരുത്തി കാര്‍ത്തികിന് അവസരം നല്‍കിയ തീരുമാനം മത്സരത്തിലെ കമന്‍റേറ്റര്‍മാരായിരുന്ന ഗൗതം ഗംഭീറും വസീം അക്രവും ചോദ്യം ചെയ്‌തിരുന്നു.
എന്നാല്‍ കാര്‍ത്തികിനെ കളിപ്പിച്ചത് ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുയാണ് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്. കാര്‍ത്തിക്കിന്‍റെ മികച്ച ഫോം പരമാവധി ഉപയോഗപ്പെടുത്താനാണ് ടീം ശ്രമിക്കേണ്ടതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
"റിഷഭ് പന്ത് ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ അവൻ ഒരു പ്രഗത്ഭനായ കളിക്കാരനായിരുന്നില്ല. എന്നാല്‍ ദിനേശ് കാർത്തിക്കിനെ നോക്കിയാൽ, അദ്ദേഹത്തിന്‍റെ ഗ്രാഫ് മുകളിലേക്ക് പോകുന്നു.
ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് കാര്‍ത്തിക് നടത്തിയത്. ഇതാണ് ശരിയായ തീരുമാനം, ഈ ഫോർമാറ്റിൽ, ഈ ഫോമിൽ, അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തിയിട്ട് എന്താണ് പ്രയോജനം. ഇത് കാര്‍ത്തികിനെ കളിപ്പിക്കേണ്ട സമയമാണ്.
റിഷഭ് പന്ത് ചെറുപ്പമാണ്. അവന് ഇനിയും സമയമുണ്ട്. എന്നാല്‍ കാര്‍ത്തിക്കിന് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമേ ഈ ഫോമില്‍ കളിക്കാനാവൂ. അത് മുതലെടുക്കനാണ് ടീം ശ്രമിക്കേണ്ടത്. ബാറ്റിങ് ഓര്‍ഡറില്‍ താഴെയിറങ്ങി ഒരുപാട് മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കാര്‍ത്തികിന് കഴിയും.
ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും ഫിനിഷര്‍മാരായെത്തുമ്പോള്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാവും" ഹര്‍ഭജന്‍ പറഞ്ഞു. മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുക്കാന്‍ കാര്‍ത്തികിന് കഴിഞ്ഞിരുന്നു. നിര്‍ണായ ഘട്ടത്തില്‍ ബാറ്റ് ചെയ്യാനെത്തിയ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്ത് ഫോമിലായിരുന്ന ഹാർദിക് പാണ്ഡ്യയ്‌ക്ക് സ്‌ട്രൈക്ക് കൈമാറുകയും ചെയ്‌തു.