ക്രിക്കറ്റിലെ പുതിയ ഏഷ്യന്‍ ചാമ്പ്യന്മാര്‍ ആരാകും എന്ന് അറിയുന്നതിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണ് ബാക്കി. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും അഞ്ച് വര്‍ഷത്തിന് ശേഷമൊരു ഏഷ്യ കപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കൊളംബോ ആര്‍ പ്രേമദാസ (Asia Cup 2023 Final Venue) സ്റ്റേഡിയത്തില്‍ തീപാറുന്ന പോരാട്ടം തന്നെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. വൈകുന്നേരം മൂന്ന് മണിക്കാണ് ഇന്ത്യ ശ്രീലങ്ക ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത് (India vs Srilanka Final Match Time).
ഇന്ത്യയുടെ ഫൈനല്‍ ചരിത്രം: ഏഷ്യ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ടീമാണ് ഇന്ത്യ (Most Successful Team In Asia Cup History). ഇതുവരെ പൂര്‍ത്തിയായ 15 എഡിഷനുകളില്‍ ഏഴ് പ്രാവശ്യമാണ് ടീം ഇന്ത്യ ഏഷ്യയുടെ രാജാക്കന്മാരായത്. 1984ല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം (India First Asia Cup Title Win). ചരിത്രത്തിലെ ആദ്യത്തെ ഏഷ്യകപ്പ് ടൂര്‍ണമെന്‍റ് കൂടിയായിരുന്നു ഇത് (First Asia Cup). അന്ന് ശ്രീലങ്കയെ തകര്‍ത്താണ് ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് സ്വന്തമാക്കിയത് ടീം ഇന്ത്യ ആയിരുന്നു (Asia Cup Final India vs Srilanka History).
അതിന് ശേഷം 1988, 1990, 1995 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം കപ്പടിക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പിന്നീട് ഇന്ത്യ കപ്പ് അടിക്കുന്നത് 13 വര്‍ഷത്തിന് ശേഷം 2010ലായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്‌റ്റന്‍സിക്ക് കീഴിലായിരുന്നു ആ വര്‍ഷം ടീം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
2016ലും 2018ലുമാണ് ടീം ഇന്ത്യ പിന്നീട് ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തിയത്. 2016ല്‍ ടി20 ഫോര്‍മാറ്റിലായിരുന്നു ടീമിന്‍റെ കിരീട നേട്ടം.
കിരീടം നിലനിര്‍ത്താന്‍ ശ്രീലങ്ക : ടി20 ഫോര്‍മാറ്റില്‍ നടന്ന കഴിഞ്ഞ പ്രാവശ്യത്തെ ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്‌ത്തിയാണ് ശ്രീലങ്ക കിരീടം നേടിയത്. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ അവരുടെ ആറാമത്തെ കിരീടനേട്ടമായിരുന്നു അത്. 1986ല്‍ നടന്ന ഏഷ്യ കപ്പിന്‍റെ രണ്ടാം പതിപ്പിലാണ് ശ്രീലങ്ക ആദ്യമായി വിജയകിരീടം ചൂടുന്നത്.
പാകിസ്ഥാനെ തകര്‍ത്തുകൊണ്ടായിരുന്നു ടീമിന്‍റെ കിരീട നേട്ടം. പിന്നീട് മൂന്ന് എഡിഷനുകള്‍ക്ക് ശേഷം 1997ല്‍ രണ്ടാമത്തെ കപ്പും അവര്‍ സ്വന്തമാക്കി. അന്ന് തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യയെ ആയിരുന്നു ശ്രീലങ്ക പരാജയപ്പെടുത്തിയത്. പിന്നീട് 2004, 2008 വര്‍ഷങ്ങളിലും കിരീടം നേടാന്‍ ശ്രീലങ്കയ്‌ക്ക് സാധിച്ചിരുന്നു. 2014ലാണ് ഏകദിന ഫോര്‍മാറ്റില്‍ ശ്രീലങ്ക അവസാനം ഏഷ്യ കപ്പ് ചാമ്പ്യന്മാരായത്.
കലാശപ്പോരില്‍ ഇന്ത്യയും ശ്രീലങ്കയും: ഇന്ത്യ ശ്രീലങ്ക ടീമുകള്‍ മുഖാമുഖം വരുന്ന എട്ടാമത്തെ ഏഷ്യ കപ്പ് ഫൈനലാണ് ഇപ്രാവശ്യത്തേത്. നേരത്തെ തമ്മിലേറ്റുമുട്ടിയ ഏഴ് ഫൈനലുകളില്‍ നാല് പ്രാവശ്യം ഇന്ത്യയും മൂന്ന് തവണ ശ്രീലങ്കയുമാണ് ജയിച്ചത്. 1984ല്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇരു ടീമുകളും തമ്മിലായിരുന്നു അവസാന മത്സരം. ഈ മത്സരമായിരുന്നു അന്ന് വിജയികളെ തീരുമാനിച്ചത്.
ആദ്യ പതിപ്പിന് ശേഷം 1988, 1990, 1995, 1997 വര്‍ഷങ്ങളിലും ഇന്ത്യ ശ്രീലങ്ക ഫൈനലാണ് ഏഷ്യ കപ്പില്‍ നടന്നത്. ഇതില്‍ തുടര്‍ച്ചയായ മൂന്ന് പ്രാവശ്യം ശ്രീലങ്കയെ മലര്‍ത്തിയടിച്ച് ഇന്ത്യ കപ്പടിക്കുകയായിരുന്നു. 1997ലെ ഫൈനലിലാണ് ശ്രീലങ്ക ആദ്യമായി ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്.
2004, 2008 വര്‍ഷങ്ങളിലും ഇന്ത്യ ശ്രീലങ്ക ടീമുകള്‍ തന്നെ ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടി. അന്നും ശ്രീലങ്ക ആയിരുന്നു ഒടുവില്‍ വിജയക്കൊടി പാറിച്ചത്. 2010ലാണ് ഇരുടീമുകളും അവസാനമായി ഏഷ്യ കപ്പ് ഫൈനലില്‍ പോരടിച്ചത്. അന്ന്, ടീം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു ജയം.