കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം (Babar Azam) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേപ്പാളിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) അറിയിച്ചു.
പേസര്‍ ജസ്‌പ്രീത് ബുംറ, കെഎല്‍ രാഹുല്‍ എന്നിവരാണ് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയത്. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. നടുവേദനയെത്തുടര്‍ന്നാണ് ശ്രേയസ് അയ്യരെ പുറത്തിരുത്തിയതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. ഇതോടെ ഇഷാന്‍ കിഷന് ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി.
പിച്ചില്‍ ഒരല്‍പം ഈര്‍പ്പമുണ്ടെന്ന് തോന്നുന്നതായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. അതു പ്രയോജനപ്പെടുത്താനാണ് ശ്രമം നടത്തുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് കളിക്കുന്നതെന്നും ബാബര്‍ അസം വ്യക്തമാക്കി.
ഇന്ത്യ പ്ലേയിങ് ഇലവന്‍ India Playing XI against Pakistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ Pakistan Playing XI against India: ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
ALSO READ: ICC ODI Team Ranking : പാകിസ്ഥാന്‍ ഇപ്പോള്‍ ലോക ഒന്നാം നമ്പര്‍ ടീമല്ല ; മുട്ടന്‍ പണികൊടുത്ത് ഓസീസ്
സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്‌ക്കിത് ആദ്യ മത്സരമാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി എത്തുന്ന പാകിസ്ഥാന് ഇന്ന് ഇന്ത്യയെക്കൂടി കീഴടക്കിയാല്‍ ഫൈനലിലെത്താം. മറുവശത്ത് സൂപ്പര്‍ ഫോറില്‍ വിജയത്തുടക്കമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.
മത്സരം കാണാന്‍ (Where to watch IND vs PAK match): ഏഷ്യ കപ്പ് 2022-ലെ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി മത്സരം കാണാം.