കറാച്ചി : രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan ) കളിക്കുന്നത്. ഇതോടെ ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും ആവേശം പതിന്മടങ്ങ് വര്‍ധിക്കും. ഏഷ്യ കപ്പിലാണ് അടുത്തതായി ചിര വൈരികള്‍ പോരടിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ സെപ്റ്റംബർ രണ്ടിന് പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റില്‍ ചിര വൈരികള്‍ ആദ്യം ഏറ്റുമുട്ടുക. ഇരു ടീമുകളും ഒന്നിലധികം തവണ പരസ്‌പരം മത്സരിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ടൂര്‍ണമെന്‍റ്. അയല്‍ക്കാര്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ആരാവും ജയിച്ച് കയറുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം ഡാനിഷ് കനേരിയ (Danish Kaneria). പാകിസ്ഥാന് ഇന്ത്യയ്‌ക്ക് മേല്‍ മുന്‍തൂക്കമുണ്ടെന്നാണ് കനേരിയ പറയുന്നത്. ടൂര്‍ണമെന്‍റിനായി രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇതേവരെ സെറ്റായിട്ടില്ല. കരുത്തുള്ള ബോളിങ് നിരയുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണെന്നുമാണ് പാക് മുന്‍ സ്‌പിന്നര്‍ ചൂണ്ടിക്കാട്ടുന്നത്.
"ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്ക് മേല്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ടൂര്‍ണമെന്‍റിനായി സെറ്റായിട്ടില്ലെന്ന് തോന്നുന്നു. ഏത് ഫാസ്റ്റ് ബോളറെയാണ് കളിപ്പിക്കുക എന്ന കാര്യത്തില്‍ അവര്‍ക്ക് ഇതേവരെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.
അവരുടെ സ്‌പിന്‍ യൂണിറ്റിലേക്ക് നോക്കുമ്പോള്‍ യുസ്‌വേന്ദ്ര ചാഹല്‍ തീരെ സ്ഥിരത പുലര്‍ത്തുന്നില്ല. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരായിരിക്കണം ടീമിലെ മൂന്ന് സ്പിന്നർമാർ എന്നാണ് എന്‍റെ അഭിപ്രായം. അവർക്ക് സ്റ്റാൻഡ്‌ബൈയിൽ ഒരു സ്പിന്നറെ വേണമെങ്കിൽ രവി ബിഷ്‌ണോയ് ആയിരിക്കും അതെന്ന് തോന്നുന്നു" - ഡാനിഷ് കനേരിയ പറഞ്ഞു.
നീണ്ട ഇടവേളയ്‌ക്ക് ശേഷം മധ്യനിര ബാറ്റര്‍മാരായ കെഎൽ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നതിലും കനേരിയ പ്രതികരിച്ചു. പരിശീലനം നടത്തിയതുകൊണ്ട് മാത്രം ഇരുവരേയും ടീമില്‍ എടുക്കാന്‍ കഴിയില്ലെന്നാണ് കനേരിയ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതിന് മുമ്പ് ഇരുവരും ഫോം തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും കനേരിയ വ്യക്തമാക്കി.
"കെഎൽ രാഹുലും ശ്രേയസ് അയ്യരും നിലവില്‍ അവരുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ഇരുവരേയും ഉൾപ്പെടുത്താൻ വലിയ സാധ്യതയുണ്ട്. എന്നിരുന്നാലും, പരിശീലനത്തിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഒരാളെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ല.
കാരണം അവര്‍ക്ക് വലിയ മത്സരങ്ങള്‍ കളിക്കേണ്ടി വരും. മറ്റ് മത്സരങ്ങള്‍ കളിച്ച് അവിടെ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ അവരെ ടീമിൽ ചേർക്കാവൂ" - കനേരിയ പറഞ്ഞുനിര്‍ത്തി.
അതേസമയം ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെ നടക്കുന്ന ഏഷ്യ കപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്.