ദുബായ്: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പുറത്ത്. ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ ടീമുകളും യോഗ്യത മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ബി ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. യോഗ്യത റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം ഈ ഗ്രൂപ്പിന്‍റെ ഭാഗമാവും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ എന്നീ ടീമുകളാണ് യോഗ്യത മത്സരം കളിക്കുന്നത്.
ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ആദ്യ മത്സരം. ഓഗസ്റ്റ് 28നാണ് ഇന്ത്യയും പാക്കിസ്ഥാനും പോരടിക്കുന്നത്. ദുബായിലാണ് ഈ മത്സരം നടക്കുന്നത്. തുടര്‍ന്ന് 31ാം തിയതി ഇന്ത്യ വീണ്ടും കളിക്കാനിറങ്ങും. ദുബായില്‍ നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ യോഗ്യത റൗണ്ട് ജയിച്ചെത്തുന്ന ടീമാണ് ഇന്ത്യയുടെ എതിരാളി.
പ്രാഥമിക റൗണ്ടിന് ശേഷം സെപ്റ്റംബര്‍ മൂന്നിന് സൂപ്പര്‍ ഫോര്‍ റൗണ്ട് ആരംഭിക്കും. സെപ്റ്റംബർ 11നാണ് ഫൈനൽ മത്സരം നടക്കുക.
മത്സരങ്ങള്‍ എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സാണ് മത്സരങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്യുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം ലഭ്യമാണ്.