ലാഹോര്‍: ഏഷ്യ കപ്പിനൊരുങ്ങുന്ന പാകിസ്ഥാന് സ്റ്റാര്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദിയുടെ പരിക്കില്‍ ആശങ്ക. നിലവില്‍ നെതർലൻഡ്‌സിൽ പര്യടനത്തിനൊരുങ്ങുന്ന പാക് സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ അഫ്രീദി ഉള്‍പ്പെടുമെന്ന കാര്യം ഉറപ്പില്ലെന്നാണ് ക്യാപ്റ്റന്‍ ബാബര്‍ അസം പറയുന്നത്.
ഇടംകൈയൻ പേസര്‍ പരിക്കിൽ നിന്നും പൂർണമായി സുഖം പ്രാപിച്ചിട്ടില്ലെന്നും താരത്തെ നിരീക്ഷിച്ച് വരികയാണെന്നും ബാബര്‍ പറഞ്ഞു. കഴിഞ്ഞ മാസം ശ്രീലങ്കൻ പര്യടനത്തിനിടെ പരിക്കേറ്റ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
“ഷഹീന്‍റെ ഫിറ്റ്‌നസിൽ ആശങ്കയുണ്ട്. ഡോക്ടറും ഫിസിയോയും ടീമിനൊപ്പം യാത്ര ചെയ്യുന്നതിനാൽ നെതർലാൻഡ്‌സിലേക്ക് അവനേയും കൊണ്ടുപോകുന്നു. ടീമിന്‍റെ ഭാവിയെ മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഏഷ്യ കപ്പും ലോകകപ്പും വരാനിരിക്കുകയാണ്.
അവന് എത്രയും വേഗം തയ്യാറാകാൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നെതർലൻഡിൽ ഒരു മത്സരമെങ്കിലും കളിക്കാൻ അവന് കഴിയുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ ഏഷ്യ കപ്പിൽ കളിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു“ ബാബര്‍ അസം പറഞ്ഞു.
നെതർലൻഡ്‌സ് പര്യടനത്തിനായി തിരഞ്ഞെടുത്ത ടീം തന്നെയാവും ഏഷ്യ കപ്പില്‍ കളിക്കുകയെന്നും ബാബര്‍ വ്യക്തമാക്കി. "കോച്ചും സെലക്ടർമാരുമായും കൂടിയാലോചിച്ച ശേഷം മികച്ച ടീമിനെ തെരഞ്ഞെടുത്തു. നെതർലൻഡ്‌സ് പര്യടനത്തിന് തൊട്ടുപിന്നാലെയാണ് ഏഷ്യാ കപ്പ്, അതിനാൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ല." പാക് നായകന്‍ പറഞ്ഞു.
വെറ്ററൻമാരായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും വരാനിരിക്കുന്ന ടൂർണമെന്‍റിൽ കളിക്കില്ലെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത ഷഹീന്‍ പാകിസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ്.
also read: 'ഷഹീന്‍ അഫ്രീദിയെ പേടിക്കേണ്ട കാര്യമില്ല'; രോഹിത്തിനും കോലിക്കും തന്ത്രമോദി കനേരിയ