ന്യൂഡല്‍ഹി: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ പേസര്‍ ജസ്‌പ്രീത് ബുംറ പുറത്തായി. ഇതോടെ ഭുവനേശ്വര്‍ കുമാറിന് പുറമെ അര്‍ഷ്‌ദീപ് സിങ്ങും ആവേശ് ഖാനുമാണ് പേസര്‍മാരായി ടീമില്‍ ഇടം പിടിച്ചത്. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിച്ചിരുന്നില്ല.
സെലക്‌ടര്‍മാരുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്‌തിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ദുബായില്‍ നാല് പേസര്‍മാര്‍ വേണമായിരുന്നുവെന്നും ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. "ദുബായിലെ പിച്ചും സെപ്‌റ്റംബർ മാസവും ഫാസ്റ്റ് ബൗളർമാരെ പിന്തുണയ്‌ക്കുന്നതാണ്.
പിച്ചില്‍ ധാരാളം പുല്ലുകളുണ്ട്. ടൂര്‍ണമെന്‍റ് മുഴവനും പിച്ച് ഇങ്ങനെ തന്നെ ആവുകയും ചെയ്യും. ഫാസ്റ്റ് ബൗളർമാർക്ക് സ്ഥിരമായ പിന്തുണയുണ്ടാവും. ഐപിഎല്ലിൽ നമ്മളത് ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. അപ്പോൾ എന്താണ് പ്രശ്‌നം, മുഹമ്മദ് ഷമിയെവിടെ?.
ആവേശ് ഖാനും മുഹമ്മദ് ഷമിയും തമ്മിലുള്ള മത്സരമാവാം ഇതെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങൾക്ക് രണ്ട് പേരെയും തിരഞ്ഞെടുക്കാമായിരുന്നു, കാരണം എന്‍റെ അഭിപ്രായത്തിൽ നാല് ഫാസ്റ്റ് ബൗളർമാർ ആവശ്യമാണ്", ചോപ്ര പറഞ്ഞു.
ഐപിഎല്ലിലും ഇന്ത്യയ്‌ക്കു വേണ്ടിയുള്ള മുൻകാല പ്രകടനങ്ങളിലും ഷമി അസാമാന്യമായിരുന്നു. ഏഷ്യ കപ്പിലും താരത്തിന് അവസരം നൽകാമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഷമി ഇന്ത്യയ്‌ക്കായി അവസാനമായി ടി20 ക്രിക്കറ്റില്‍ കളിച്ചത്. അതേസമയം യുവ താരങ്ങളായ സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് അവസരം നല്‍കാത്തതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
also read: ''ദിനേഷ് കാര്‍ത്തികിന്‍റെ സ്ഥാനം കമന്‍ററി ബോക്‌സില്‍, ഇന്ത്യന്‍ ടീമിലല്ല'': അജയ് ജഡേജ