മുംബൈ: ടി20 ക്യാപ്‌റ്റനായുള്ള അരങ്ങേറ്റത്തില്‍ പ്രോട്ടീസിനെതിരായ പരമ്പര സമനില പിടിക്കാൻ റിഷഭ് പന്തിന് സാധിച്ചിരുന്നു. എന്നാല്‍ ബാറ്ററെന്ന നിലയില്‍ കാര്യമായ പ്രകടനം നടത്തുന്നതില്‍ താരം പരാജയപ്പെട്ടു. കളിച്ച നാല് ഇന്നിങ്‌സുകളിലായി 105.6 സ്‌ട്രൈക്ക് റേറ്റിൽ 57 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.
ഇതിൽ മൂന്ന് തവണയും ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തില്‍ ഫുള്‍ സ്‌ട്രെച്ച് ചെയ്‌ത് കളിക്കാന്‍ ശ്രമിച്ചാണ് താരം വിക്കറ്റ് തുലച്ചത്. ഇതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ താരത്തിന്‍റെ സാധ്യതകളും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
പന്തില്ലാതെയും ഇന്ത്യയ്‌ക്ക് കളിക്കാം: ടി20 ലോകകപ്പിൽ റിഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ പറയുന്നത്. 'ടി20 മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കണക്കുകൾ പരിശോധിക്കുമ്പോൾ അദ്ദേഹം നിരാശനായിരിക്കുമെന്ന് ഉറപ്പാണ്.
പന്ത് ഇല്ലാതെ ഇന്ത്യയ്‌ക്ക് ടി20 ക്രിക്കറ്റ് കളിക്കാനാകും. ടി20 ലോകകപ്പിന് ഇനിയും ഏറെ സമയമുണ്ട്. ടി20 ലോകകപ്പിൽ പന്ത് നിർബന്ധമായും കളിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല', നെഹ്റ പറഞ്ഞു. ലോകകപ്പിന് മുമ്പ് ടീം ഇന്ത്യ ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ പന്തിന് പരിക്കേൽക്കാൻ പോലും സാധ്യതയുണ്ടെന്നും നെഹ്‌റ പറഞ്ഞു.
'നമുക്ക് ഇനിയും ഏറെ മത്സരങ്ങള്‍ കളിക്കാനുണ്ട്. 10 രാജ്യാന്തര ടി20 മത്സരങ്ങൾ, പിന്നെ ഏഷ്യ കപ്പ്. ഇവയൊക്കെ വരാനുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കുന്നത് പന്തിനെ സംബന്ധിച്ച് നല്ല കാര്യമാണ്. മറ്റുള്ള കളിക്കാര്‍ക്ക് ടി20യില്‍ മാത്രമാണ് അവസരം ലഭിക്കുന്നത്.
also read: 'പന്തിന് അമിത ഭാരം'; ഇന്ത്യൻ നായകന്‍റെ ഫിറ്റ്‌നസ് ചോദ്യം ചെയ്‌ത് പാക് മുന്‍ താരം
പരിമിതമായ അവസരങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അവരുടെ കാര്യം കുഴപ്പത്തിലാകും. സഞ്‌ജു സാംസണ്‍, ഇഷാൻ കിഷൻ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ നമുക്കുണ്ടെന്ന് ഓര്‍ക്കണം', നെഹ്റ കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക.