എഡ്‌ജ്‌ബാസ്‌റ്റണ്‍ : ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് വിഖ്യാതമായ എഡ്‌ജ്‌ബാസ്റ്റണില്‍ അവസാനിച്ചിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റിന്‍റെ വിജയം പിടിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്‌തു. എന്നാല്‍ ജയം നേടിയ ഓസീസിനും തോല്‍വി വഴങ്ങിയ ഇംഗ്ലണ്ടിനും കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് ഇരു ടീമുകള്‍ക്കും ശിക്ഷ വിധിച്ചിരിക്കുകയാണ് ഐസിസി.
കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളുടെയും രണ്ട് പോയിന്‍റ് വെട്ടിക്കുറക്കുകയും ചെയ്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഓവറുകള്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും പിന്നിലായിരുന്നുവെന്നാണ് ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് കണ്ടെത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ ലഭിക്കുക.
ഇരു ടീമുകളും രണ്ട് ഓവറുകള്‍ വീതം പിന്നിലായതിനാലാണ് മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും കുറ്റം സമ്മതിച്ചതായി ഐസിസി അറിയിച്ചു. ഇതോടെ സംഭവത്തില്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്‍റെ ഭാഗമായുള്ള ഇരു ടീമുകളുടേയും ആദ്യ മത്സരമാണിത്. ശിക്ഷ ലഭിച്ചതോടെ മത്സരം വിജയിച്ചിട്ടും ഓസ്ട്രേലിയക്ക് 10 പോയിന്‍റ് മാത്രമാണ് ലഭിച്ചത്. ഇംഗ്ലണ്ടിന്‍റെ പോയിന്‍റാവട്ടെ മൈനസ് രണ്ടിലേക്ക് വീഴുകയും ചെയ്‌തു. ഇതോടെ രണ്ടാം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ 10 പോയിന്‍റ് മാത്രമേ ഇംഗ്ലണ്ടിനാവുകയുള്ളൂ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്‍റെ തുടക്കം തന്നെ പെനാൽറ്റി ലഭിച്ചതിനാല്‍ വരും മത്സരങ്ങളില്‍ ഓസ്‌ട്രേലിയ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രഥമ പതിപ്പില്‍ സംഘത്തിന് ഫൈനല്‍ കളിക്കാന്‍ കഴിയാതിരുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം പെനാല്‍റ്റിയായിരുന്നു.
അതേസമയം ഏകദിനത്തെ അനുസ്‌മരിപ്പിക്കും വിധമായിരുന്നു എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പോരടിച്ചത്. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിന് ശേഷം അതിഥേയരായ ഇംഗ്ലണ്ട് ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം 92.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഓസ്‌ട്രേലിയ നേടുകയായിരുന്നു. സ്കോർ : ഇംഗ്ലണ്ട് 393/8, 273, ഓസ്ട്രേലിയ 386, 282/8.
നാലാം ദിനത്തില്‍ ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ വീഴ്‌ത്തിക്കൊണ്ട് ഇംഗ്ലണ്ട് വിജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ വാലറ്റത്ത് പാറപോലെ ഉറച്ച് നിന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് (44*) നഥാന്‍ ലിയോണിനെ (16*) കൂട്ടുപിടിച്ച് ആതിഥേയരെ തോല്‍വിയിലേക്ക് തള്ളി ഇടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയുടെ പ്രകടനവും സംഘത്തിന് നിര്‍ണായകമായി.