അഡ്‌ലെയ്‌ഡ് : ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസിലും ഓസ്‌ട്രേലിയ വിജയത്തിലേക്ക്. അഡ്‌ലെയ്‌ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് ഉയര്‍ത്തിയ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് നാലാംദിനം മത്സരം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 82 എന്ന നിലയിലാണ്.
റോറി ബേണ്‍സ് (34), ഹസീബ് ഹമീദ് (0), ഡേവിഡ് മലാന്‍ (20), ജോ റൂട്ട് (24) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബെന്‍ സ്റ്റോക്സ് (3*) ആണ് പുറത്താവാതെ നില്‍ക്കുന്നത്. ഓസീസിനായി ജേ റിച്ചാര്‍ഡ്‌സണ്‍ എട്ട് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
മത്സരത്തിന്‍റെ അവസാന ദിനം ആറ് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 90.4 ഓവറില്‍ 386 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടത്. എന്നാല്‍ ഓസീസ് ബൗളര്‍മാരെ അതിജീവിക്കുക എളുപ്പമാവില്ല. ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സെടുത്ത ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 236ന് പുറത്താക്കിയതോടെ 237 റണ്‍സിന്‍റെ ലീഡ് അതിഥേയര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് ഒമ്പതിന് 230 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ മര്‍നസ് ലബുഷെയന്‍, ട്രാവിഡ് ഹെഡ് എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന് തുണയായത്. 51 റണ്‍സ് വീതമെടുത്താണ് ഇരുവരും പുറത്തായത്.
also read: 46 ലക്ഷം വാങ്ങി വഞ്ചിച്ചു ; പിടി ഉഷയടക്കം ഏഴ് പേർക്കെതിരെ കേസ്
ഡേവിഡ് വാര്‍ണര്‍ (13), മാര്‍കസ് ഹാരിസ് (23), മൈക്കല്‍ നെസര്‍ (3), സ്റ്റീവന്‍ സ്മിത്ത് (6), അലക്‌സ് ക്യാരി (6), സ്റ്റാര്‍ക്ക് (19), റിച്ചാര്‍ഡ്‌സണ്‍ (8) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. കാമറൂണ്‍ ഗ്രീന്‍ (33*) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ഡേലിഡ് മലാന്‍, ജോ റൂട്ട്, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.