മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിന് നാളെ മെല്‍ബണില്‍ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഓസീസ് മുന്നിലാണ്. ഇതോടെ പരമ്പര കൈവിടാതിരിക്കാന്‍ ഈ മത്സരത്തില്‍ ജയം മാത്രമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള ഒരേയൊരു ലക്ഷ്യം.
മുന്‍ മത്സരത്തിലെ ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് അഡ്‌ലെയ്‌ഡിലെ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു.
പേസര്‍ സ്കോട്ട് ബോലന്‍ഡാണ് ടീമില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം. ഇരുവര്‍ക്കും പകരം മൈക്കല്‍ നെസര്‍, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് ടീമില്‍ നിന്നും ഇടം നഷ്‌ടമായത്.
കാലിന് പരിക്കേറ്റതിന് തുടര്‍ന്ന് റിച്ചാര്‍ഡ്‌സണ് വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് കമ്മിന്‍സ് പ്രതികരിച്ചു. റിച്ചാര്‍ഡ്‌സണിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് സ്കോട്ടെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
റൂട്ടിനെതിരെ പോണ്ടിങ്
രണ്ടാം ടെസ്റ്റിലെ തോല്‍വിയില്‍ ബൗളര്‍മാരെ പഴിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ പ്രസ്‌താവന വിവാദമായിരുന്നു. ഫുൾ ലെങ്തിൽ തുടർച്ചയായി ബോൾ ചെയ്യുന്നതിൽ ഇംഗ്ലീഷ് ബോളർമാർ പിഴവ് വരുത്തിയെന്നും, ഒന്നാം ഇന്നിങ്സിൽ ബൗളർമാരുടെ പ്രകടനം തീർത്തും ദയനീയമായിപ്പോയെന്നുമായിരുന്നു റൂട്ടിന്‍റെ വിമര്‍ശനം. റൂട്ടിന്‍റെ വിമര്‍ശനത്തിനെതിരെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
also read: 'എല്ലാവരുടേയും റൊട്ടിയിൽ വെണ്ണ പുരട്ടലല്ല എന്‍റെ ജോലി'; അശ്വിന് മറുപടിയുമായി രവി ശാസ്‌ത്രി
റൂട്ടിന്‍റെ പ്രസ്‌താവന കേട്ടപ്പോൾ ഞെട്ടിപ്പോയെന്നായിരുന്നു പോണ്ടിങ്ങിന്‍റെ പ്രതികരണം. സ്വന്തം ടീമിലെ ബോളർമാരുടെ പ്രകടനം ശരിയല്ലെങ്കിൽ, മികച്ച പ്രകടനം പുറത്തെടുക്കാൻ അവരെ സഹായിക്കേണ്ടത് ടീമിന്‍റെ നായകനാണ്. അതിന് കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് നായകനായി അദ്ദേഹം തുടരുന്നതെന്നും പോണ്ടിങ് പ്രതികരിച്ചു.