ലണ്ടന്‍: ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ (England) രണ്ട് വിക്കറ്റിന്‍റെ ജയമാണ് പാറ്റ് കമ്മിന്‍സിന്‍റെ (Pat Cummins) നേതൃത്വത്തില്‍ ഇറങ്ങിയ ഓസ്‌ട്രേലിയന്‍ (Australia) ടീം സ്വന്തമാക്കിയത്. എഡ്‌ജ്‌ബാസ്റ്റണിലെ ആവേശ ജയത്തില്‍ ഓസീസ് താരങ്ങളില്‍ ഉസ്‌മാന്‍ ഖവാജ (Usman Khawaja) ആയിരുന്നു അവര്‍ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും നിര്‍ണായക പ്രകടനം പുറത്തെടുത്തത്. മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി അടിച്ച താരം രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയുമായും മികവ് കാട്ടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 393 റണ്‍സില്‍ ആദ്യ ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഉസ്‌മാന്‍ ഖവാജയുടെ തോളിലേറിയായിരുന്നു ഓസീസ് കുതിപ്പ്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഖവാജ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് തൊട്ടരികില്‍ എത്തിച്ചാണ് പുറത്തായത്. 321 പന്തില്‍ 141 റണ്‍സ് നേടിയ ഖവാജയെ ഇംഗ്ലണ്ടിന്‍റെ ഒലീ റോബിന്‍സണ്‍ (Ollie Robinson) ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്ന്, ആവേശം അതിരുവിട്ട രീതിയിലായിരുന്നു റോബിന്‍സണിന്‍റെ വിക്കറ്റ് ആഘോഷം. അശ്ലീല പദപ്രയോഗങ്ങള്‍ ഉള്‍പ്പടെ ഉപയോഗിച്ചായിരുന്നു ഇംഗ്ലീഷ് താരത്തിന്‍റെ ആഘോഷം. ഇതില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്.
തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട റോബിന്‍സണ്‍ തന്‍റെ സ്ലെഡ്‌ജിങ്ങിനെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ (Ricky Ponting) മൈതാനത്തെ പെരുമാറ്റത്തോട് താരതമ്യം ചെയ്‌തുകൊണ്ട് ന്യായീകരിച്ചിരുന്നു. മുന്‍പ് റിക്കി പോണ്ടിങ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇംഗ്ലണ്ടിന്‍റെ താരങ്ങളോട് ഇതേ രീതിയില്‍ പെരുമാറിയിരുന്നുവെന്നും അന്ന് ഉണ്ടാകാത്ത പ്രശ്‌നം ഇപ്പോള്‍ എന്തിനാണ് എന്നുമാണ് റോബിന്‍സണ്‍ മാധ്യമങ്ങളോട് ചോദിച്ചത്. റോബിന്‍സണിന്‍റെ ഈ ചോദ്യവും ചര്‍ച്ചയായതിന് പിന്നാലെ ഇതില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിക്കി പോണ്ടിങ്.
'അനാവാശ്യമായിട്ടാണ് ഒലീ റോബിന്‍സണ്‍ ഇവിടെ എന്‍റെ പേര് വലിച്ചിഴച്ചത്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കണം അവന്‍ ശ്രദ്ധിക്കേണ്ടത്. അല്ലാതെ മറ്റൊരാളുടെ പേര് അവിടെ പരാമര്‍ശിക്കുന്നതില്‍ ആകരുത്.
ഇംഗ്ലണ്ട് ടീം ഈ ഓസ്‌ട്രേലിയന്‍ സംഘത്തോട് ഇതുവരെയും കളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് അവര്‍ ആഷസിന്‍റെ ചൂടും അറിഞ്ഞിട്ടില്ല എന്ന കാര്യവും. ആദ്യ മത്സരം കഴിഞ്ഞു, ഇപ്പോഴും റോബിന്‍സണ് കാര്യങ്ങളൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ അയാള്‍ക്ക് അല്‍പം വേഗത കുറവുണ്ടെന്ന്. 15 വര്‍ഷം മുന്‍പ് ഞാന്‍ ചെയ്‌ത ഒരു കാര്യം. അതിനെപ്പറ്റിയാണ് റോബിന്‍സണ്‍ ഇപ്പോഴും സംസാരിക്കുന്നത്.
ഇത്തരം കാര്യങ്ങളിലാണ് അവന്‍ ചിന്ത കേന്ദ്രീകരിക്കുന്നതെങ്കില്‍ അതില്‍ ഞാന്‍ കൂടുതലായിട്ടൊന്നും പറയുന്നില്ല. വൈകാതെ തന്നെ അയാള്‍ക്ക് കാര്യങ്ങള്‍ ഓരോന്നായി മനസിലാകും. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം കഴിവുകളെ കുറിച്ച് അവന്‍ ഒന്നുകൂടി ചിന്തിക്കേണ്ടി വരും'- ഐസിസി പോഡ്‌കാസ്റ്റിലൂടെ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു.