ലണ്ടൻ: ആഷസ് (Ashes) പരമ്പയിലെ രണ്ടാം മത്സരത്തിന്‍റെ നാലാം ദിനത്തിൽ കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ നിലവിൽ 130-2 എന്ന നിലയിലാണ് സന്ദർശകർ. ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 325-ൽ എറിഞ്ഞിട്ട കങ്കാരുപടയ്ക്ക് 221 റൺസിന്‍റെ ലീഡാണുള്ളത്. 58 റൺസുമായി ഉസ്‌മാൻ ഖവാജയും (Usman Khawaja) ആറ് റൺസെടുത്ത സ്റ്റീവ് സ്‌മിത്തുമാണ് (Steve Smith) ക്രീസിൽ.
ലോർഡ്‌സിലെ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ആദ്യം പന്ത് കൊണ്ട് അവർക്ക് ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞിടാനായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് എത്തിയപ്പോഴും സ്ഥിതി സമാനം.
മൂന്നാം ദിനത്തില്‍ 278-4 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. നായകന്‍ ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക് എന്നിവര്‍ ചേര്‍ന്ന് ടീമിനെ ശക്തമായ നിലയില്‍ എത്തിക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ഇംഗ്ലീഷ് ക്യാമ്പ്. എന്നാല്‍, തുടക്കത്തില്‍ തന്നെ അവര്‍ക്ക് തിരിച്ചടിയേറ്റു.
രണ്ടാം ദിനത്തിലെ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാകാതെ ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സ് (17) കൂടാരം കയറി. കാമറൂണ്‍ ഗ്രീനിന്‍റെ കൈകളില്‍ സ്റ്റോക്‌സിനെ എത്തിച്ച് ഇംഗ്ലണ്ടിന്‍റെ കൂട്ടത്തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത് മിച്ചല്‍ സ്റ്റാര്‍ക്കാണ് (Mitchell Starc). അധികം വൈകാതെ ഹാരി ബ്രൂക്കിനെയും ഇംഗ്ലണ്ടിന് നഷ്‌ടപ്പെട്ടു.
മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെയാണ് അര്‍ധസെഞ്ച്വറി നേടിയ ബ്രൂക്കിനെയും മടക്കിയത്. പിന്നീട് എത്തിയവര്‍ക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സ്കോര്‍ 311-ല്‍ നില്‍ക്കെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയെ (16) ഇംഗ്ലണ്ടിന് നഷ്‌ടമാകുന്നത്.
പിന്നീട് ഓസ്‌ട്രേലിയക്ക് കാര്യങ്ങളെല്ലാം എളുപ്പമായി. ഒലീ റോബിന്‍സണ്‍ (9), സ്റ്റുവര്‍ട്ട് ബ്രോഡ് (12), ജോഷ് ടംഗ് (1) എന്നിവര്‍ക്ക് ഓസീസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ 11-ാം നമ്പര്‍ ബാറ്റര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആയിരുന്നു ഈ വിക്കറ്റുകളെല്ലാം ആതിഥേയര്‍ക്ക് നഷ്‌ടമായത്.
മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സാക്ക് ക്രാവ്‌ലി (48), ബെന്‍ ഡക്കറ്റ് (98), ഒലീ പോപ്പ് (42), ജോ റൂട്ട് (10) എന്നിവരെ ആയിരുന്നു ഇംഗ്ലണ്ടിന് നഷ്‌ടമായത്. ഓസ്‌ട്രേലിയക്ക് വേണ്ടി പന്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് നേടി. ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ഇന്നലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ കരുതലോടെയാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 76 പന്തില്‍ 25 റണ്‍സ് നേടിയ വാര്‍ണറെ മടക്കി ജോഷ് ടംഗാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
സ്‌കോര്‍ 123ല്‍ നില്‍ക്കെയാണ് ഓസ്‌ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്‌ടപ്പെട്ടത്. 30 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നെ ജെയിംസ് ആന്‍ഡേഴ്‌സണാണ് പുറത്താക്കിയത്. പിന്നീട് ഖവാജയും സ്‌മിത്തും ചേര്‍ന്ന് ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മഴയെത്തുകയും മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കുകയുമായിരുന്നു.
Also Read : Travis Head |തിരിച്ചുവരവില്‍ അടിയോടടി, 'ട്രാവ്‌ബോൾ': ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ഓസീസിന്‍റെ ഒറ്റയാൾ മറുപടി...