ഹെഡിങ്‌ലി : ആഷസ് പരമ്പരയുടെ മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിൽ അടിതെറ്റി വീണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 237 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ 26 റണ്‍സിന്‍റെ ലീഡ് നേടി. അതേസമയം രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചായയ്‌ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 29 റണ്‍സ് എന്ന നിലയിലാണ്. ഒരു റണ്‍സ് നേടിയ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്.
ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ലീഡ് നേടാനുറച്ച് കളത്തിലിറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാരെ എറിഞ്ഞൊതുക്കിയത്. 108 പന്തിൽ ആറ് ഫോറും അഞ്ച് സിക്‌സും ഉൾപ്പടെ 80 റണ്‍സ് നേടിയ ബെൻ സ്റ്റോക്‌സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ച് നിൽക്കാനായത്. വാലറ്റത്തെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് നടത്തിയ തകർപ്പനടിയാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
68 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം മത്സരം പുനരാരംഭിച്ചത്. ബെൻ ഡക്കറ്റ് (2), ഹാരി ബ്രൂക്ക് (3) സാക്ക് ക്രാളി (33) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇംഗ്ലണ്ടിന് ആദ്യ ദിനം നഷ്‌ടമായിരുന്നത്. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ജോ റൂട്ടിന്‍റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്‌ടമായി. 19 റണ്‍സ് നേടിയ താരത്തെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്.
പിന്നാലെ ജോണി ബെയർസ്റ്റോയും (12) പുറത്തായി. ഇതോടെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 87 റണ്‍സ് എന്ന നിലയിലെത്തി. തുടർന്നെത്തിയ ബെൻസ്റ്റോക്‌സ് മൊയീൻ അലിയെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്താൻ തുടങ്ങി. ഇതിനിടെ ടീം സ്കോർ 131ൽ നിൽക്കെ മൊയീൻ അലിയും (31) പാറ്റ് കമ്മിൻസിന് ഇരയായി. തൊട്ടുപിന്നാലെ ക്രിസ് വോക്‌സും (10) വീണു.
ഇതോടെ ഇംഗ്ലണ്ട് വൻ തകർച്ചയിലേക്ക് നീങ്ങി. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് സ്റ്റോക്‌സ് ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ മാർക്ക് വുഡ് ഒരു തീപ്പൊരി ഇന്നിങ്‌സ് നടത്തി പുറത്തായി. എട്ട് പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 24 റണ്‍സെടുത്ത താരത്തെയും പാറ്റ് കമ്മിൻസ് തന്നെയാണ് പുറത്താക്കിയത്.
ഇതോടെ ടീമിന്‍റെ പൂർണ ഉത്തരവാദിത്തം സ്റ്റോക്‌സ് ഏറ്റെടുത്തു. ഇതിനിടെ ടീം സ്കോർ 199ൽ നിൽക്കെ സ്റ്റുവർട്ട് ബ്രോഡിനെയും ഇംഗ്ലണ്ടിന് നഷ്‌ടമായി. ഇതോടെ ഇംഗ്ലണ്ട് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 199 റണ്‍സ് എന്ന നിലയിലായി. തുടർന്ന് ഒരു വശത്ത് സ്റ്റോക്‌സ് തകർത്തടി തുടങ്ങി.
ഒടുവിൽ ടീം സ്കോർ 237ൽ നിൽക്കെ സ്റ്റോക്‌സിനെ പുറത്താക്കി ടോഡ് മൂഡി ഇംഗ്ലണ്ടിന്‍റെ ഇന്നിങ്‌സിന് അവസാനമിടുകയായിരുന്നു. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിൻസ് ആറ് വിക്കറ്റ് വീഴ്‌ത്തി. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് നേടിയപ്പോൾ മിച്ചൽ മാർഷ്, ടോഡ് മൂഡി എന്നിവർ ഓരോ വിക്കറ്റും നേടി.