ഓവൽ : ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ വിജയത്തിനരികിൽ ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിന്‍റെ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് നാലാം ദിനം മഴമൂലം നേരത്തെ കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്‌ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ്. ഇനി ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ വിജയത്തിലേക്ക് 249 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയക്ക് വേണ്ടത്. ഡേവിഡ് വാർണർ (58), ഉസ്‌മാൻ ഖവാജ (69) എന്നിവരാണ് ക്രീസിൽ.
നാലാം ദിനം ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 389 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് ആറ് റണ്‍സ് കൂടി കൂട്ടിച്ചേർത്ത് 395 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നേരത്തെ മൂന്നാം ദിനത്തില്‍ ബാറ്റിങ്ങിനെത്തിയ ഇംഗ്ലണ്ട് ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് പറത്തിയാണ് റണ്‍സ് കണ്ടെത്തിയത്. രാവിലത്തെ സെഷനിൽ ഓസീസ് ബൗളർമാരെ തല്ലി ചതച്ച ഓപ്പണർ സാക്ക് ക്രാവ്‌ലി അതിവേഗമാണ് റണ്‍സ് കണ്ടെത്തിയത്.
സഹ ഓപ്പണർ ബെൻ ഡക്കറ്റും ക്രാവ്‌ലിക്ക് മികച്ച പിന്തുണ നൽകി. 55 പന്തില്‍ 42 റണ്‍സ് നേടിയ ഡക്കറ്റിനെ ആയിരുന്നു ഇംഗ്ലണ്ടിന് ആദ്യം നഷ്‌ടമായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 79 റണ്‍സാണ് കൂട്ടിച്ചേർത്തത്. ഡക്കറ്റ് പുറത്തായതിന് പിന്നാലെ മൂന്നാമനായി നായകന്‍ ബെന്‍ സ്റ്റോക്‌സ് ക്രീസിലെത്തി. ഇരുവരും ചേര്‍ന്ന് അനായാസം സ്കോര്‍ ഉയര്‍ത്തി. ടീം സ്‌കോർ 140ൽ നിൽക്കെയാണ് ക്രാവ്‌ലിയെ ഇംഗ്ലണ്ടിന് നഷ്‌ടമാകുന്നത്.
76 പന്തില്‍ 73 റണ്‍സ് നേടിയ ക്രാവ്‌ലിയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടിനെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് റണ്‍സ് കണ്ടെത്തുന്നത് തുടര്‍ന്നു. സ്‌കോര്‍ 213-ല്‍ നില്‍ക്കെ 67 പന്തില്‍ 42 റണ്‍സ് നേടിയ സ്റ്റോക്‌സിനെ ടോഡ് മര്‍ഫി മടക്കി. സ്റ്റോക്‌സ്-റൂട്ട് സഖ്യം മൂന്നാം വിക്കറ്റില്‍ 73 റണ്‍സാണ് കൂട്ടിച്ചേർത്തത്.
തുടർന്നിറങ്ങിയ ഹാരി ബ്രൂക്ക് നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് കൊണ്ട് തിളങ്ങിയ ഹാരി ബ്രൂക്കിന് ഇപ്രാവശ്യം ഏഴ് റണ്‍സ് മാത്രമായിരുന്നു കണ്ടെത്താനായത്. പിന്നീട് റൂട്ടിനൊപ്പം ബെയര്‍സ്റ്റോ ഒന്നിച്ചപ്പോള്‍ ഇംഗ്ലണ്ട് വീണ്ടും അതിവേഗം സ്‌കോർ ഉയർത്തിത്തുടങ്ങി. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റണ്‍സാണ് കൂട്ടിച്ചേർത്തത്.
ടീം സ്‌കോർ 332ൽ നിൽക്കെ സെഞ്ച്വറിക്ക് തൊട്ടരികിലാണ് ജോ റൂട്ട് പുറത്തായത്. 106 പന്തിൽ 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. പിന്നാലെ ടീം സ്‌കോർ 360 ൽ നിൽക്കെ ബെയർസ്റ്റോയെയും ഇംഗ്ലണ്ടിന് നഷ്‌ടമായി. 103 പന്തില്‍ 78 റണ്‍സ് നേടിയായിരുന്നു താരം മടങ്ങിയത്.
പിന്നാലെ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. ക്രിസ് വോക്‌സ് (1), മൊയിൻ അലി (29), മാർക്ക് വുഡ് (9) എന്നിവരും മൂന്നാം ദിനം തന്നെ പുറത്തായി. നാലാം ദിനം ജെയിംസ് ആൻഡേഴ്‌സണെയും (7) പുറത്താക്കി ഓസീസ് ഇംഗ്ലണ്ടിന്‍റെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ഓസ്‌ട്രേലിയക്കായി ടോഡ് മോർഫി, മിച്ചൽ സ്റ്റാർക്ക് എന്നിവർ നാല് വിക്കറ്റ് നേടിയപ്പോൾ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.