അഡ്‌ലെയ്‌ഡ്: രണ്ടാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ മികച്ച നിലയില്‍. പകല്‍-രാത്രി മത്സരത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍- മാര്‍നസ് ലബുഷെയ്‌ന്‍ കൂട്ടുകെട്ടാണ് ആദ്യ ദിനം ഓസീസിനൊപ്പം നിര്‍ത്തിയത്.
രണ്ടാം വിക്കറ്റില്‍ 172 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 95 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കിയ ബെന്‍ സ്റ്റോക്ക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസാണ് പുറത്തായ മറ്റൊരു താരം. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്. ലബുഷെയ്‌നൊപ്പം (95*), സ്റ്റീവ് സ്‌മിത്താണ് (18*) പുറത്താവാതെ നില്‍ക്കുന്നത്.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാറ്റ് കമ്മിൻസിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസ് നിരയെ നയിക്കുന്നത്. കൊവിഡ് രോഗിക്കൊപ്പം സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസിന് മത്സരം നഷ്‌ടമായത്.
also read: BWF World C'ships: സിന്ധുവിന് ക്വാര്‍ട്ടര്‍; പോൺപാവീ ചോച്ചുവോങ്ങിനെതിരെ ജയം
ഇതോടെ സഹനായകനായ സ്‌മിത്തിന് നറുക്കുവീഴുകയായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായാണ് സ്‌മിത്ത് ഓസീസിനെ നയിക്കാനിറങ്ങിയത്. മൈക്കൽ നെസറാണ് കമ്മിൻസിന് പകരക്കാരനായി ടീമിൽ ഇടം നേടിയത്.
അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ടീം ഇന്ന് കളിത്തിലിറങ്ങുന്നത്. മാർക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവർക്ക് പകരം സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡും, ജെയിംസ് ആൻഡേഴ്‌സണും ടീമിൽ ഇടം നേടി. സ്‌പിന്നർമാരില്ലാതെയാണ് ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങിയത്.