മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെപ്പോലെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി മകൻ അർജുൻ ടെൻഡുൽക്കറും. മുംബൈ വിട്ട് ഗോവക്കായി കളിക്കാനിറങ്ങിയ അർജുൻ തന്‍റെ ആദ്യ സീസണിലെ ആദ്യ മത്സരത്തിലാണ് സെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കിയത്. രാജസ്ഥാനെതിരായ മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ അർജുൻ 207 പന്തിൽ 120 റണ്‍സ് നേടി.
1988 ഡിസംബർ 11 തന്‍റെ 15-ാം വയസിലാണ് രഞ്ജിയിലെ അരങ്ങേറ്റ മത്സരത്തിൽ സച്ചിൻ സെഞ്ച്വറി നേടിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരായായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററിന്‍റെ പ്രകടനം. ഇപ്പോൾ 34 വർഷങ്ങൾക്കിപ്പുറം മറ്റൊരു ഡിസംബർ മാസത്തിൽ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി കുറിച്ച് അച്ഛന്‍റെ പാത പിന്തുടരാൻ ഒരുങ്ങുകയാണ് അർജുനും.
അർജുന്‍റെ സെഞ്ച്വറിയുടെയും സുയാഷ് പ്രഭുദേശായിയുടെ ഇരട്ട സെഞ്ച്വറിയുടെയും പിൻബലത്തിൽ രണ്ടാം ദിനം കളിനിർത്തുമ്പോൾ രാജസ്ഥാനെതിരെ ഗോവ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 493 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 201 എന്ന നിലയിൽ നിന്നാണ് ഇരുവരും ചേർന്ന് ഗോവയെ കൂറ്റൻ സ്‌കോറിലേക്ക് എത്തിച്ചത്. 16 ഫോറും രണ്ട് സിക്‌സും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടീമിന്‍റെ ഭാഗമായിരുന്നു അര്‍ജുന്‍ ടെൻഡുൽക്കർ. അവിടെ തുടർച്ചയായി അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ഗോവയിലേക്ക് കൂടുമാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല.