സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍. ടീമിന്‍റെ ക്യാപ്‌റ്റനാവുകയെന്നത് വലിയ അംഗീകാരമാണെന്ന് 35കാരനായ വാര്‍ണര്‍ പറഞ്ഞു. നിലവില്‍ ഇതേക്കുറിച്ച് ആരുമായും ചര്‍ച്ച നടന്നിട്ടില്ലെന്നും വാര്‍ണര്‍ പറഞ്ഞു.
"അവസാന നിമിഷത്തില്‍ നായക സ്ഥാനം എന്നെ തേടി വന്നാല്‍ അത് വലിയ അംഗീകാരവും ഭാഗ്യവുമാവും. നിലവില്‍ എന്‍റെ ശ്രദ്ധ പൂര്‍ണമായും ക്രിക്കറ്റ് കളിക്കുക എന്നതിലാണ്. എന്നെക്കുറിച്ച് ആളുകള്‍ എന്താണ് പറയുന്നതെന്ന് ഞാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല.
നിങ്ങള്‍ എന്നോടൊപ്പം ഇരുന്ന് ഒരു ബിയര്‍ കുടിക്കുമ്പോള്‍ തീരുന്ന തെറ്റിദ്ധാരണകള്‍ മാത്രമാണുള്ളത്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്", വാര്‍ണര്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച നായകന്‍ ആരോണ്‍ ഫിഞ്ചിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. തല്‍സ്ഥാനത്തേക്ക് നിലവില്‍ ടെസ്റ്റ് നായകനായ പാറ്റ് കമ്മിന്‍സ് എത്തിയേക്കുമെന്നാണ് വിവരം. ഇതേസ്ഥാനമാണ് വാര്‍ണര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
കേപ്‌ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് അന്ന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്‌മിത്തിനും വൈസ് ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇരുവരേയും നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നും ബോര്‍ഡ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ടെസ്റ്റ് ടീമിന്‍റെ നായകനായി പാറ്റ് കമ്മിന്‍സിനെ തെരഞ്ഞെടുത്തു.
ഇതിനിടെ ആഷസ് മത്സരത്തില്‍ സ്‌മിത്ത് ടീമിനെ നയിച്ചിരുന്നു. പിന്നാലെ വാര്‍ണറുടെ ക്യാപ്റ്റന്‍സി വിലക്ക് ഒഴിവാക്കണമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
also read: ടി20 ലോകകപ്പ്: കിട്ടിയാല്‍ സൂപ്പർ ലോട്ടറി, വമ്പന്‍ തുക പ്രഖ്യാപിച്ച് ഐസിസി