ദുബൈ: അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അശ്വിന്‍റെ ബാക്ക് ഫ്‌ളിപ്പ് ബോളിനെതിരേ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് മറുപടി ഇല്ലായിരുന്നുവെന്നു സച്ചിന്‍ പറഞ്ഞു.
'' നമ്മുടെ ബൗളിങ്ങിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് കാലത്തിനു ശേഷം അശ്വിന്‍ പന്തെറിയുന്നത് നമ്മള്‍ കണ്ടു. അദ്ദേഹത്തിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. അശ്വിന്‍റെ വേരിയേഷന്‍ ബോളായ 'ബാക്ക് ഫ്‌ളിപ്പ് ബോള്‍' മികച്ചതായിരുന്നു.
ബോളിന്‍റെ സീം പൊസിഷന്‍ ലെഗ് സ്ലിപ്പിനു നേരെയായിരുന്നു. നെറ്റ്‌സില്‍ അശ്വിന്‍ സൃഷ്ടിച്ചെടുത്ത ഈ ബോളിള്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് പിടികിട്ടിയിരുന്നില്ല. നാല് ഓവറില്‍ ഓരു ബൗണ്ടറി പോലും വഴങ്ങാതിരുന്ന അശ്വിന്‍റെ പ്രകടനത്തിന് ഇതുമൊരു കാരണമാണ്'' സച്ചിന്‍ പറഞ്ഞു.
അതേസമയം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ താരത്തിന് അവസരം ലഭിക്കുന്നത്. അഫ്‌ഗാനെതിരെ നാല് ഓവറുകളെറിഞ്ഞ താരം 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌തു.
അശ്വിനെ തുടര്‍ച്ചയായി ടീമില്‍ നിന്നും പുറത്താക്കുന്നതിനെതിരെ മുന്‍ താരങ്ങളായ സുനില്‍ ഗവാസാകര്‍, ദിലീപ് വെങ്‌സർക്കാർ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ടീമിലെ മുതിര്‍ന്ന ബൗളറായ അശ്വിനെ തുടര്‍ച്ചയായി ഒഴിവാക്കുന്നതില്‍ അന്വേഷണം നടത്തണമെന്നായിരുന്നു ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ കൂടിയായിരുന്ന വെങ്‌സർക്കാർ പറഞ്ഞത്.