സിഡ്‌നി: ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലിയെ ഇപ്പോള്‍ ഒഴിവാക്കുന്നത് അപകടകരമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലി ഉറപ്പായും വേണമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.
''പുത്തനുണര്‍വോടെ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന് ഒരു ഇടവേള മാത്രം അകലെയായിരിക്കാം കോലിയുള്ളത്. അത്ര വലിയ അനുഭവ സമ്പത്ത് കോലിക്കുണ്ട്. ഏറെ നാള്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിച്ച മഹാനായ താരത്തിന് എതിരെയാണ് ഇപ്പോള്‍ നമ്മള്‍ വിധി കല്‍പ്പിക്കുന്നത്'', ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളും ഗില്‍ക്രിസ്റ്റ് വിലയിരുത്തി. ''ഇന്ത്യ പ്രതിഭാധനരായ കളിക്കാരുടെ ടീമാണ്. തങ്ങളുടെ പ്രധാന ഇലവനില്ലാതെ കളിച്ചിട്ടും ഇന്ത്യ വിജയം നേടുന്നുണ്ട്. അവർ തങ്ങളുടെ സ്‌ക്വാഡ് വിപുലീകരിക്കുകയും അന്താരാഷ്‌ട്ര അനുഭവം നല്‍കുകയുമാണ് ചെയ്യുന്നത്. അതിനാൽ ഓസ്‌ട്രേലിയയില്‍ ഏതൊരു ടീമിനെയും പോലെ അവർക്ക് മികച്ച അവസരമുണ്ട്'', ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫോമിലേക്ക് മടങ്ങിയെത്താന്‍ കോലി ക്രിക്കറ്റില്‍ നിന്നും പുര്‍ണമായ ഇടവേളയെടുക്കണമെന്ന് ന്യൂസിലൻഡ് മുന്‍ ഓൾറൗണ്ടർ സ്‌കോട്ട് സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടിരുന്നു. നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ നിന്നും കോലി വിട്ട് നില്‍ക്കണമെന്നാണ് സ്‌റ്റൈറിസ് പറയുന്നത്.
സിംബാബ്‌വെയിൽ കോലിക്ക് സെഞ്ച്വറി നേടാനായാല്‍ ആത്മവിശ്വാസം വര്‍ധിക്കും എന്നതിനപ്പുറം കാര്യമായ മാറ്റങ്ങളുണ്ടാവില്ല. കോലി ഇപ്പോഴും ഇന്ത്യയ്‌ക്ക് നിര്‍ണായകമാണെന്നും സ്‌റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.