ഏകദിന ലോകകപ്പിലെ അപ്രതീക്ഷിത പുറത്താകല്‍, മുതിര്‍ന്ന താരങ്ങളുടെ പിന്മാറ്റം, ഇങ്ങനെയൊരു സാഹചര്യത്തില്‍ 2007ലെ ടി20 ലോകകപ്പ് കളിക്കാന്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറിയത് ഒരുപിടി യുവതാരങ്ങള്‍ക്കൊപ്പവും. പല ക്രിക്കറ്റ് പണ്ഡിതരും അന്ന് വിധിയെഴുതിയത് ഈ ടീം ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ട് പോലും കടക്കില്ലെന്നായിരുന്നു. എന്നാല്‍, വിമര്‍ശനങ്ങളെയും മുന്‍ധാരണകളെയും തകര്‍ത്തെറിഞ്ഞ് അവര്‍ തിരികെ നാട്ടിലേക്ക് മടങ്ങിയത് വിശ്വകിരീടം ഉയര്‍ത്തിയാണ്.ഫൈനലില്‍ പാകിസ്ഥാന്‍, സെമിയില്‍ ഓസ്‌ട്രേലിയ, പേരുകേട്ട വമ്പന്മാരെല്ലാം അന്ന് ഇന്ത്യയ്‌ക്ക് മുന്നില്‍ വീണു. വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന ലോകകപ്പിന് ഇറങ്ങി ആദ്യ റൗണ്ടില്‍ തന്നെ തോറ്റുമടങ്ങേണ്ടി വന്ന ടീം ഇന്ത്യയുടെ ക്രിക്കറ്റിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അവിടെ (16 Years Of India's First T20WC Win).
പ്രഥമ ടി20 ലോകകപ്പിന്‍റെ മൂന്നാം ദിനത്തിലായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്‌തിരുന്നത്. സ്‌കോട്‌ലന്‍ഡ് എതിരാളികളായ ആ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ പാകിസ്ഥാനെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടാന്‍ ഇറങ്ങി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയത് 141 റണ്‍സ്, മറുപടി ബാറ്റിങ്ങില്‍ പാക് പോരാട്ടവും അതേ സ്‌കോറില്‍ അവസാനിച്ചു. ഇതോടെ, ഫുട്‌ബോളില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിനെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ബൗള്‍ ഔട്ടിലേക്ക് മത്സരം നീങ്ങി. അവിടെ ഭാഗ്യവും നായകന്‍ ധോണിയുടെ തന്ത്രവും ഇന്ത്യയെ തുണച്ചു. ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ ജയം.
ഗ്രൂപ്പ് ഇയില്‍ കിവീസിനോട് 10 റണ്‍സിന്‍റെ തോല്‍വിയാണ് അടുത്ത മത്സരത്തില്‍ ടീം ഇന്ത്യ വഴങ്ങിയത്. പിന്നീട് ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയേയും തോല്‍പ്പിച്ച് സെമിയില്‍ സ്ഥാനം പിടിക്കാന്‍ ഇന്ത്യയ്‌ക്കായി. യുവരാജ് സിങ്ങിന്‍റെ ആറ് സിക്‌സും രോഹിത് ഇന്ത്യയുടെ രക്ഷകനായി അവതരിച്ചതും ഈ മത്സരങ്ങളിലാണ്.
അങ്ങനെ ഗ്രൂപ്പ് സ്റ്റേജിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവുമായി ഇന്ത്യ സെമിയിലേക്ക്. അവിടെ റിക്കി പോണ്ടിങ്, മാത്യു ഹെയ്‌ഡന്‍, ആന്‍ഡ്രൂ സൈമണ്ട്‌സ്, ബ്രെറ്റ് ലീ... തുടങ്ങിയ ലോക ക്രിക്കറ്റിലെ വമ്പന്മാരുടെ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടാന്‍ കാത്തിരുന്നു. രണ്ടാം സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ യുവരാജ് സിങ്ങിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ അടിച്ചെടുത്തത് 188 റണ്‍സ്.
ശ്രീശാന്തും ഇര്‍ഫാന്‍ പത്താനും ഹര്‍ഭജനുമെല്ലാം ഒത്തുപിടിച്ചതോടെ ഓസ്‌ട്രേലിയയും ഇന്ത്യയ്‌ക്ക് മുന്നില്‍ വീണു. സെമിയില്‍ 15 റണ്‍സ് ജയവുമായി ഇന്ത്യ ഫൈനലിലേക്ക്. പിന്നീട് ജൊഹന്നാസ്ബെര്‍ഗ് വേദിയായത് ഇന്ത്യ പാക് സ്വപ്‌ന ഫൈനലിനും.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 157 റണ്‍സ് നേടി. ഗൗതം ഗംഭീറിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയായിരുന്നു മത്സരത്തില്‍ ഇന്ത്യന്‍ സ്കോറിന്‍റെ നട്ടെല്ല്. മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് പാകിസ്ഥാന്‍ തുടങ്ങിയത്.
എന്നാല്‍, ആറാം നമ്പറിലെത്തിയ മിസ്‌ബ ഉള്‍ ഹഖ് ഇന്ത്യന്‍ ആരാധകരുടെ ചങ്കില്‍ തീ കോരിയിട്ടു, ഒടുവില്‍ മത്സരം അവസാന ഓവറിലേക്കും. അവിടെ പാക് ബാറ്റര്‍ മിസ്‌ബയ്‌ക്ക് പിഴച്ചു. ജൊഗീന്ദര്‍ ശര്‍മയെ സ്‌കൂപ്പ് ഷോട്ട് കളിച്ച് ഫൈന്‍ ലെഗിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമം ചെന്നവസാനിച്ചത് ശ്രീശാന്തിന്‍റെ കൈകളില്‍. ഗാലറി ആര്‍ത്തിരമ്പി, പാക് താരങ്ങള്‍ തലയില്‍ കൈ വച്ചിരുന്നു, ഡഗ്‌ഔട്ടിലുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ കളിമൈതാനത്തേക്കും.ഇന്ത്യ പ്രഥമ ടി20 ലോകചാമ്പ്യന്മാര്‍. 16 വര്‍ഷങ്ങള്‍ക്കിപ്പുറം ആരാധക ഹൃദയങ്ങളില്‍ ആ വിജയം അതേ തിളക്കത്തോടെ നിലനില്‍ക്കുന്നു.