ലക്‌നൗ: സയ്യദ് മോദി ഇന്‍റർനാഷണല്‍ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ നിന്നും ഇന്ത്യയുടെ സായ് പ്രണീതും ലക്ഷ്യ സെന്നും പുറത്തായി. ബാബു ബാനാറാസി ദാസ് ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം റൗണ്ടില്‍ തായ്‌ലാന്‍റിന്‍റെ കുന്‍ലാവട്ട് വിതിദസ്‌രണയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പ്രണീത് പരാജയപ്പെട്ടത്. സ്‌കോർ: 11-21, 17-21
മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹൊയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ട് ലക്ഷ്യ സെന്നും ടൂർണമെന്‍റില്‍ നിന്നും പുറത്തായി. സ്കോർ: 14-21, 17-21. മത്സരം 41 മിനിട്ട് നീണ്ടുനിന്നു.
നേരത്തെ നടന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സൗരഭ് വർമ്മയും ക്വർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യന്‍ താരം പാരുപള്ളി കശ്യപിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്‌കോർ 18-21, 22-20, 21-16.
സൗരഭ് വർമ്മ ഇന്ത്യയുടെ തന്നെ ആല്‍പ് മിശ്രയെ പരാജയപ്പെടുത്തി. 28 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് സൗരഭ് വിജയിച്ചത്. സ്‌കോർ: 21-11, 21-18.
ക്വാർട്ടർ ഫൈനലില്‍ ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ സണ്‍ വാന്‍ ഹൊയെയും സൗരഭ് വർമ്മ തായ്‌ലാന്‍റിന്‍റെ കുന്‍ലാവട്ട് വിതിദസ്‌രണെയെയും നേരിടും.