ജക്കാർത്ത: ഇന്‍ഡോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍ഡണ്‍ ടൂർണമെന്‍റില്‍ നിന്നും ഇന്ത്യയുടെ 29-ാം സീഡ് സമീർ വർമ്മയും 25-ാം സീഡ് പാരുപ്പള്ളി കശ്യപും പുറത്ത്. ഇതോടെ ടൂർണമെന്‍റിലെ പുരഷ സിംഗിൾസ് മത്സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്‌തമിച്ചു. ഇന്ത്യന്‍ താരങ്ങളാരും പുരുഷ സിംഗിൾസിലെ രണ്ടാം റൗണ്ടില്‍ കടന്നില്ല. ആദ്യ റൗണ്ടില്‍ ഇന്‍ഡോനേഷ്യയുടെ ഏഴാം സീഡ് അന്തോണി സിനിസൂക്ക ജിന്‍ഡിങ്ങിനോട് ഏകപക്ഷീയമായ രണ്ട് ഗെയിമുകൾക്കാണ് കശ്യപ് പരാജയപ്പെട്ടത്. സ്‌കോർ: 21-14, 21-12.
ഇന്‍ഡോനേഷ്യയുടെ തന്നെ 22-ാം സീഡ് ടോമി സുഗിയാർത്തോയോട് പരാജയപ്പെട്ടാണ് സമീർ വർമ്മ പുറത്തായത്. സ്‌കോർ: 21-17, 19-21, 21-10. നേരത്തെ ഇന്ത്യയുടെ പുരുഷ താരങ്ങളായ കിഡംബി ശ്രീകാന്ത്, സൗരഭ് വർമ്മ, എച്ച് എസ് പ്രണോയ്, സായി പ്രണീത് ബി എന്നിവരും ടൂർണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.
അതേസമയം ടൂർണമെന്‍റിലെ വനിതാ സിംഗിൾസില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ഇന്ന് രണ്ടാം റൗണ്ടില്‍ മത്സരിക്കും. ഇന്ത്യയുടെ ആറാം സീഡായ സിന്ധു ജപ്പാന്‍റെ 14-ാം സീഡായ സായക തകാഹാഷിയെ നേരിടും. നേരത്തെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് തകാഹാഷി രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോർ: 14-21, 21-15, 21-1. ആദ്യ ഗെയിം സൈന സ്വന്തമാക്കയിപ്പോൾ രണ്ടാം റൗണ്ടില്‍ തിരിച്ചുവരവ് നടത്തിയ ജപ്പാനീസ് താരം മൂന്നാം റൗണ്ടില്‍ പൂർണാധിപത്യം പുലർത്തി. ടൂർണമെന്‍റിലെ ആദ്യ റൗണ്ടില്‍ ജാപ്പനീസ് താരം അയ ഒഹോരിയെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവുമായ സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോർ: 14-21, 21-15, 21-11.