ഹൈദരാബാദ്: ഒളിമ്പിക് ബർത്ത് ഉറപ്പിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം ചിരാഗ് ഷെട്ടി. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഡ്‌മിന്‍റണ്‍ ഡബിൾസ് ടൂർണമെന്‍റുകളില്‍ ഇന്ത്യയുടെ വളർന്നുവരുന്ന പ്രതീക്ഷയാണ് ചിരാഗ് ഷെട്ടി. കോർട്ടിലെ പങ്കാളി സ്വാതിക്‌രാജ് റാങ്കിറെഡിയുമായി ചേർന്നാണ് ചിരാഗ് ഒളിമ്പിക് യോഗ്യതക്കായി ശ്രമം തുടരുന്നത്. കൊവിഡ് 19 കാരണം ടോക്കിയോ ഗെയിംസ് മാറ്റിവച്ചതില്‍ നിരാശയുണ്ടെന്നും ഒളിമ്പിക് യോഗ്യതക്കായുള്ള ശ്രമം തുടരുമെന്നും ചിരാഗ് പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് ചിരാഗ് വീട്ടില്‍ തന്നെയാണ് പരിശീലനം നടത്തുന്നത്. ജിമ്മിലും കോർട്ടിലും പോയി പരിശീലിക്കാന്‍ സാധിക്കാത്തതിന്‍റെ പോരായ്മകളുണ്ടെന്നും ചിരാഗ് പറഞ്ഞു. നിലവില്‍ രാവിലെ ഒരു മണിക്കൂർ പരിശീലനവും യോഗയും പതിവായി ചെയ്യുന്നു. വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുള്ള പരിശീലനവും മുടക്കാറില്ല. യാത്ര ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന തനിക്ക് രണ്ട് മാസമായി വീട്ടില്‍ അടച്ച്പൂട്ടി ഇരിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ചിരാഗ് ഷെട്ടി പറഞ്ഞു.
ഡബിൾസ് ക്വാർട്ടിലെ സഹതാരം സ്വാതികിനെ കുറിച്ചും ചിരാഗ് വാചാലനായി. കോർട്ടിന് അകത്തും പുറത്തും ഇരുവരും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നതായി ചിരാഗ് പറഞ്ഞു. ഫോണ്‍ വഴിയും വാട്ട്സ്‌ആപ്പ് വഴിയും സംസാരിക്കാറുണ്ട്. ആന്ധ്രാ സ്വദേശിയായ സാത്വികിന് വീട്ടിന് പുറത്ത് പരിശീലിക്കാന്‍ അവസരം ലഭിക്കുന്നതായും ചിരാഗ് ഷെട്ടി പറഞ്ഞു.