ഹൈദരാബാദ്: മഹാമാരിയെ തുടർന്നുള്ള കാലഘട്ടത്തില്‍ വിദേശ പരിശീലകരെ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പിവി സിന്ധു. ഈ അവസരം ഇന്ത്യക്കാരായ മുന്‍ അന്താരാഷ്‌ട്ര താരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യക്കാരായ നിരവധി പേർ കായിക രംഗത്ത് അന്താരാഷ്‌ട്ര തലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
ചാമ്പ്യന്‍മാരെ സൃഷ്‌ടിക്കാന്‍ രക്ഷിതാക്കളും പരിശീലകരും ഭരണാധികാരികളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട് . എല്ലാ കായിക താരത്തിന്‍റെയും വളർച്ചയെ കുറിച്ച് ഭരണാധികാരികൾക്ക് ബോധ്യമുണ്ടാകണം. യുവതാരങ്ങളുടെ വളർച്ചയില്‍ രക്ഷിതാക്കളുടെ പങ്കും വലുതാണ്. പരിശീലനവുമായി ബന്ധപ്പെട്ട് അവരുടെ പ്രതികരണം ശേഖരിക്കണം. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ പഠിക്കാനും നിരീക്ഷിക്കാനം സംവിധാനം ഉണ്ടാക്കണമെന്നും സിന്ധു പറഞ്ഞു.
സ്വന്തം അനുഭവങ്ങളും സിന്ധു പങ്കുവെച്ചു. റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി അക്കാദമിയിലേക്ക് മാറി. തനിക്കുവേണ്ടി അമ്മ ജോലി വേണ്ടെന്ന് വെച്ചു. അച്ഛന്‍ രണ്ട് വർഷത്തേക്ക് ജോലിയില്‍ നിന്നും അവധിയെടുത്തു. ഇതെല്ലാം തന്നെ കരിയറില്‍ ഏറെ സഹായിച്ചുവെന്നും സിന്ധു പറഞ്ഞു. ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിച്ചതോടെ ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് കൂടിയായ സിന്ധുവിനെ സായി അസിസ്റ്റന്‍ഡ് ഡയറക്‌ടറായി നിയമിച്ചിരുന്നു.