മലേഷ്യ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവിനും കിഡംബി ശ്രീകാന്തിനും ജയം. മലയാളി താരം എച്ച്എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്തായി.
ആദ്യ റൗണ്ടില്‍ ജപ്പാന്‍റെ അയ ഒഹോരിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോല്‍പ്പിച്ചത്. 38 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ 22 - 20, 21 - 12 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. ആദ്യ സെറ്റില്‍ സിന്ധുവിനെതിരെ മികച്ച പോരാട്ടം ജപ്പാൻ താരം കാഴ്ചവച്ചങ്കിലും രണ്ടാം സെറ്റില്‍ താരത്തെ നിഷ്പ്രഭമാക്കിയാണ് സിന്ധു ജയിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ ഓപ്പണിന്‍റെ സെമിയില്‍ സിന്ധു പരാജയപ്പെട്ടിരുന്നു.
പുരുഷ സിംഗിൾസില്‍ കിഡംബി ശ്രീകാന്ത് ഇന്തോനേഷ്യൻ താരം ഇഹ്സാൻ മൗലാന മുസ്തഫയാണ് തോല്‍പ്പിച്ചത്. 38 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21 - 18, 21 - 16 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ ജയം. നേരത്തെ ഇന്ത്യൻ താരങ്ങളായ എച്ച് എസ് പ്രണോയും സമീർ വർമ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.