ടോക്കിയോ: ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിന് പിന്നാലെ ഒരു നിമിഷത്തേക്ക് മനസ് തീര്‍ത്തും ശൂന്യമായതായി ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇന്ത്യയുടെ അഭിമാന താരം ടോക്കിയോയിലെ വിജയത്തിന് പിന്നാലെയുണ്ടായ വികാരങ്ങളെക്കുറിച്ച് മനസ് തുറന്നത്.
'മനസ് തീര്‍ത്തും ശൂന്യമായിരുന്നു... എന്‍റെ പരിശീലകന്‍ കണ്ണീരണിഞ്ഞു. അത് വലിയ ഒരു നിമിഷമായിരുന്നു. ഞാനദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും നന്ദി പറയുകയും ചെയ്തു. അഞ്ചാറ് സെക്കന്‍റ് നേരം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആ നിമിഷം എല്ലാ വികാരങ്ങളും ഒത്തുചേരുകയും ഞാൻ നിലവിളിക്കുകയും ചെയ്തു.' സിന്ധു പറഞ്ഞു.
also read:''ഗോപി സാര്‍ അഭിനന്ദിച്ചു; സൈന 'ഇല്ല' '': പിവി സിന്ധു
ഇന്നലെ നടന്ന വനിതകളുടെ സിംഗിള്‍സ് പോരാട്ടത്തില്‍ ചൈനയുടെ ഹിബിങ് ജിയാവോയെ തകര്‍ത്താണ് സിന്ധു തന്‍റെ രണ്ടാം ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയത്. 2016ലെ റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും 26കാരിയായ താരം സ്വന്തം പേരിലാക്കി.