ക്വാലാലംപൂർ: കൊവിഡ് 19 ഭീതിയെ തുടർന്ന് ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പ് 2020ന്‍റെ വേദി മാറ്റി. വൈറസ് ബാധിക്കുന്ന ചൈനയിലെ വുഹാനില്‍ നിന്നും ഫിലിപൈന്‍സിലെ മനിലയിലേക്കാണ് മത്സരത്തിന്‍റെ വേദി മാറ്റിയത്. ബാഡ്‌മിന്‍റണ്‍ ഏഷ്യ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ തിയ്യതി പ്രകാരം ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ടൂർണമെന്‍റ് നടക്കുക.
ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരങ്ങളില്‍ ഒന്നായിരിക്കും ഈ ടൂർണമെന്‍റ്. താരങ്ങൾക്ക് എല്ലാം വിസ ലഭിക്കാന്‍ ഫിലിപൈന്‍സ് ബാഡ്‌മിന്‍റണ്‍ അസോസിയേഷനുമായി സഹകരിച്ച് നടപടികൾ ആരംഭിച്ചതായി ബാഡ്‌മിന്‍റണ്‍ ഏഷ്യ വ്യക്തമാക്കി. നിലവില്‍ കൊവിഡ് 19 ബാധയെ തുടന്ന് ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 3100 ആയിട്ടുണ്ട്. ചൈനയില്‍ മാത്രം 2,912 പേർ മരിച്ചതായാണ് കണക്ക്. ചൈനയില്‍ നിന്നും പൊട്ടിപുറപ്പെട്ട വൈറസ് ലോകത്തെ വിവിധ രാജ്യങ്ങളിലായി 90,000-ഓളം പേർക്ക് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ.