ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഡി സഖ്യത്തിന് രണ്ടാം തോല്‍വി. ഗ്രൂപ്പ് ബി യില്‍ നടന്ന മത്സരത്തില്‍ ബൾഗേറിയയുടെ ഗബ്രിയേല സ്റ്റോവ- സ്റ്റെഫാനി സ്റ്റോവ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്.
നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ തോല്‍വി. എന്നാല്‍ ഇരു സെറ്റുകളിലും ബൾഗേറിയന്‍ സഖ്യത്തിന് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. സ്‌കോര്‍: 19-21, 20-22.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ക്ലോ ബിർച്ച്- ലോറൻ സ്മിത്ത് സഖ്യമാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം തുടര്‍ച്ചയായ രണ്ടാം തോല്‍വിയില്‍ ടീമിന്‍റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ജോഡിയായ ജപ്പാന്‍റെ നാമി മറ്റ്‌സുയാമ-ചിഹാരു ഷിഡ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ കീഴടക്കിയത്. സ്‌കോര്‍: 21-14, 21-18.
also read: Peng Shuai: പെങ് ഷുവായിക്ക് ഐക്യദാർഢ്യം; ചൈനയില്‍ നടത്താനിരുന്ന ടൂര്‍ണമെന്‍റുകൾ റദ്ദാക്കി
അതേസമയം പുരുഷ സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങിയ കിഡംബി ശ്രീകാന്തിന്‍റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ അട്ടിമറിച്ചത്.
സ്‌കോര്‍: 21-18, 21-7. ലോക ജൂനിയര്‍ ബാഡ്മിന്‍റണ്‍ താരമായ കുന്‍ലാവുട്ട് തകര്‍പ്പന്‍ പ്രകടനമാണ് മുന്‍ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെതിരേ പുറത്തെടുത്തത്. ആദ്യ സെറ്റില്‍ നന്നായി പൊരുതിയെങ്കിലും രണ്ടാം സെറ്റില്‍ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ശ്രീകാന്തിന്‍റേത്.