ഇന്റര്നാഷണല് ഷൂട്ടിംഗ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അപൂര്‍വി ചന്ദേലക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് അപൂര്‍വിയുടെ നേട്ടം.
ഡോ.കര്‍ണി സിങ് ഷൂട്ടിംഗ് റേഞ്ചില്‍ നടന്ന ഫൈനലില്‍ ലോക റെക്കോര്‍ഡ് പ്രകടനമാണ് അപൂര്‍വി പുറത്തെടുത്തത്. ഇന്ത്യന്‍ താരം 252.9 പോയിന്‍റ് നേടിയപ്പോള്‍ 251.8 പോയിന്‍റ് നേടിയ ചൈനയുടെ സാവോ റോസ്ഹു വെള്ളിയും 230.4 പോയിന്‍റുമായി ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡലും സ്വന്തമാക്കി. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു. 2014-ലെ കോമണ്‍വെല്‍ത്തില്‍ അപൂര്‍വി സ്വര്‍ണവും കരസ്ഥമാക്കി.
ലോകകപ്പില്‍ അപൂര്‍വിയുടെ മൂന്നാമത്തെ വ്യക്തിഗത മെഡലാണിത്. നേരത്തെ, 2015-ല്‍ ചാങ്‌വോന്‍ ലോകകപ്പില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ചന്ദേലയും, രവികുമാറും ചേര്‍ന്ന സഖ്യം 10 മീറ്റര്‍ എയര്‍ റൈഫിള്സിന്റെ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും നേടി. കഴിഞ്ഞവര്‍ഷം തന്നെ അപൂര്‍വി 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു.