തന്നിലെ പ്രതിഭ അതിന്‍റെ ഉയരങ്ങളിൽ നിൽക്കുമ്പോൾ വിടപറഞ്ഞ മലയാളത്തിലെ പ്രിയ എഴുത്തുകാരുടെയും സംവിധായകരുടെയും കൂട്ടത്തിലേക്ക് സച്ചിയും... അനാർക്കലിയോളം മികച്ച ഒരു പ്രണയകഥയോ അയ്യപ്പനും കോശിയോളം മികച്ച ഒരു ഹൈ ക്വാളിറ്റി മാസ് എന്‍റര്‍ടെയ്നറോ തരാൻ കഴിവുള്ള സിനിമാക്കാർ ഇവിടെ അധികമൊന്നുമില്ല എന്നുള്ളത് കൊണ്ടുതന്നെ സച്ചിയുടെ മരണം സൃഷ്ടിച്ച നഷ്ടം വളരെ വലുതാണ്.... സിനിമകളെ സ്നേഹിക്കുന്നൊരാൾക്ക് എങ്ങനെയാണ് സച്ചിയെ സ്നേഹിക്കാതിരിക്കാൻ കഴിയുക... അയാളുടെ വേർപാടിൽ ഉള്ളിലൊരു വേദന തോന്നാതിരിക്കുക...? അടിമുടി സിനിമയായിരുന്നു അയാൾ. നമ്മൾ ചിന്തിച്ച് തുടങ്ങുന്നിടത്ത് നിന്ന് നമ്മളെ മറ്റെങ്ങോട്ടൊക്കെയോ വലിച്ചുകൊണ്ട് പോയിരുന്നയാൾ.
കെ.ആര്‍ സച്ചിദാന്ദനെ മലയാള സിനിമക്ക് പരിചയം സച്ചി എന്ന പേരിലൂടെയാണ്. കഴിഞ്ഞ 13 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ സച്ചി അഭിഭാഷകന്‍റെ കുപ്പായം അഴിച്ചുവച്ചാണ് സിനിമയിലെത്തിയത്. കൂവക്കാട്ടില്‍ രാമകൃഷ്ണന്‍റെയും ദാക്ഷായണിയുടെയും മകനായ സച്ചിയുടെ ആദ്യ സിനിമ സേതുവുമായി ചേര്‍ന്ന് എഴുതിയ ചോക്ലേറ്റാണ്. മാല്യങ്കര എസ്എന്‍എം കോളജിലും എറണാകുളം ലോ കോളജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്ത് വര്‍ഷത്തോളം അദ്ദേഹം ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. സച്ചിയും-സേതുവും ചേര്‍ന്നെഴുതിയ തിരക്കഥകളായ ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പമാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നിവയില്‍ ഡബിള്‍സ് ഒഴികെ മറ്റെല്ലാ ചിത്രങ്ങളും വലിയ വിജയം നേടിയിരുന്നു. ഡബിള്‍സിന്‍റെ പരാജയത്തിന് ശേഷമാണ് സച്ചിയും-സേതുവും വഴിപിരിഞ്ഞത്. പിന്നീട് ഒറ്റക്ക് സച്ചി ജോഷിക്കായി റണ്‍ ബേബി റണ്‍ ഒരുക്കി. ചിത്രം ഹിറ്റായിരുന്നു. ആദ്യമായി സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയ പ്രണയചിത്രം അനാര്‍ക്കലിയും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, ഷെര്‍ലക് ടോംസ് എന്നിവയാണ് സച്ചിയുടെ മറ്റ് തിരക്കഥകള്‍. അവസാനമായി സിനിമാപ്രേമികള്‍ക്ക് സച്ചി സമ്മാനിച്ചത് അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രമായിരുന്നു. 2020ലെ ആദ്യ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി.
താങ്കള്‍ എഴുതി പൂർത്തിയാക്കാതെ പോയ ആ കഥകളൊക്കെ മറ്റാർക്കെങ്കിലും എഴുതി പൂർത്തിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല സച്ചി... ഇനി അങ്ങനെ എഴുതി പൂർത്തിയാക്കിയാലും അതിൽ സച്ചിയുണ്ടാവില്ല. കാരണം മറ്റുള്ളവർ എഴുതുമ്പോൾ ഉണ്ടാവുന്നത് കഥ മാത്രമാണ്. സച്ചി എഴുതുമ്പോൾ ഉണ്ടാവുന്നത് ജീവിതവും.