തമിഴ് നടന്‍ വിവേകിന്‍റെ അകാല മരണം വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടുകയായിരുന്നു ഹാസ്യ നടനും സുഹൃത്തുമായ വടിവേലു. വിവേക് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രം എന്നും നിലനില്‍ക്കുമെന്ന് വടിവേലു നിറകണ്ണുകളോടെ പറയുന്നു.
'രാവിലെയാണ് വിവേകിന്‍റെ മരണവാര്‍ത്ത അറിയുന്നത്. നിരവധി സിനിമകള്‍ അവനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമകൂടിയാണ് വിവേക്. അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും മനസില്‍ പതിയുന്നതാണ്. ഞാനും അവനും അത്രയേറെ പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. ഞാന്‍ അവന്‍റെയും അവന്‍ എന്‍റെയും ആരാധകനാണ്. എനിക്ക് ഒന്നിനും കഴിയുന്നില്ല. ഇനി എന്ത് പറയണമെന്ന് അറിയില്ല, നമ്മെ വിട്ടുപിരിഞ്ഞെങ്കിലും വിവേകിന്‍റെ പ്രത്യയശാസ്ത്രം എന്നും നിലനില്‍ക്കും. അവന്‍റെ ആരാധകര്‍ ഒരിക്കലും സങ്കടപ്പെടരുത്. അവന്‍ എന്നും നമ്മോടൊപ്പമുണ്ടാകും' - വടിവേലു പറഞ്ഞു.
ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ താരത്തിന്‍റെ വസതിയിലേക്ക് ജന പ്രവാഹമായിരുന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിന്നും നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.