"എവിടെ നിന്നാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?" സൂരരൈ പോട്രിലെ ബൊമ്മിയുടെ വേഷം ചെയ്യാൻ ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എങ്ങനെയാണെന്നാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട ചോദിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതകഥയെ തിരശ്ശീലയിലൂടെ അവതരിപ്പിച്ച സംവിധായിക സുധാ കൊങ്ങരയെയും ടീമിനെയും താരം ട്വിറ്ററിലൂടെ അഭിനന്ദിച്ചു. എന്നാൽ, ചിത്രത്തിലെ നായികാ കഥാപാത്രം ചെയ്‌ത അപർണാ ബാലമുരളിയെ പ്രശംസിച്ചുള്ള ദേവരകൊണ്ടയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒപ്പം, ചിത്രത്തിന്‍റെ നിർമാതാവും നായകനുമായ സൂര്യയുടെ അഭിനയമികവിനെയും അർജുൻ റെഡ്ഡി ഫെയിം പ്രശംസിച്ചിട്ടുണ്ട്.
ഇത്രയും മികച്ച പ്രകടനം നടത്തിയ സ്‍ത്രീയെ സുധ എങ്ങനെ കണ്ടെത്തി എന്നതിൽ താൻ അത്ഭുതപ്പെടുന്നു എന്നാണ് അപർണാ ബാലമുരളിയെ കുറിച്ച് താരം പരാമർശിച്ചത്. "സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പോട്രെന്ന സിനിമയില്‍ മുഴുകിയിരുന്നു," എന്ന് വിജയ് ദേവരകൊണ്ട കുറിച്ചു. സംവിധായികയുടെ പ്രാഗൽഭ്യത്തെ കുറിച്ച് വാചാലനായ താരം സംവിധായികക്കൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹവും പങ്കുവെച്ചിട്ടുണ്ട്. സൂരരൈ പോട്രിനെയും ബൊമ്മിയെയും സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും നടി അപർണ ബാലമുരളി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.