ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന് ആരോപണം. ആടുജീവിതത്തിലെ ചില ഭാഗങ്ങള്‍ക്ക്, സഞ്ചാരിയും ഗ്രന്ഥകാരനുമായ മുഹമ്മദ് അസദിന്‍റെ 'ദി റോഡ് ടു മക്ക' അഥവാ 'മക്കയിലേക്കുള്ള പാതയിലെ വിവരണങ്ങളുമായി സാമ്യമുണ്ടെന്നാണ് വാദം. നേരത്തെയും നോവല്‍ സംബന്ധിച്ച് ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ദി റോഡ് ടു മക്കയുടെ ഭാഗങ്ങൾ നിരത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ പുതിയ ചർച്ചകൾ. ഷംസ് ബാലുശ്ശേരിയെന്നയാളാണ് ആടുജീവിതത്തിലെയും റോഡ് ടു മക്കയിലെയും ഭാഗങ്ങള്‍ പോസ്റ്റ് ചെയ്ത് ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.
ദി റോഡ് ടു മക്കയുമായുള്ള ആടുജീവിതത്തിന്‍റെ സാമ്യം; ആരോപണങ്ങൾ
നോവലിന്‍റെ സാഹിത്യഭാവനയിൽ അല്ല, മറിച്ച് നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകളുടെ വിവരണമാണ് ആടുജീവിതത്തിന്‍റെ പ്രശസ്തിക്ക് പിന്നിൽ. മരുഭൂമി കാണാത്ത തന്നിലേക്ക് ഒരു പരകായപ്രവേശം നടന്നത് കൊണ്ടാണ് മരുഭൂമിയെ ഇത്രയും വർണിക്കാൻ കഴിഞ്ഞതെന്നാണ് ബെന്യാമിൻ പറഞ്ഞത്. പരകായപ്രവേശം നടന്നിട്ടുണ്ട്, അത് ദി റോഡ് ടു മക്കയിൽ നിന്ന് ആടുജീവിതത്തിലേക്കാണെന്നാണ് ഒരു കൂട്ടരുടെ വാദം.
ഒരേ രീതിയിൽ ചിന്തിക്കാമെങ്കിലും ഇവിടെ സംഭവിച്ചത് മൊഴിമാറ്റിയുള്ള വിവരണമാണ്. ഇതിനെ വിവർത്തനം എന്നാണ് പറയുക, അതിന്‍റെ അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയതെന്നും ആരോപണമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: കർഷക സമരം കപട സമരമാണെന്ന് സന്തോഷ് പണ്ഡിറ്റ്
നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിനാൽ ബെന്യാമിൻ ഈ ബഹുമതി തിരികെ കൊടുക്കണമെന്ന് കുറേപ്പേർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം ദി റോഡ് ടു മക്ക എന്ന നോവലിനെ മക്കയിലേക്കുള്ള പാത എന്ന പുസ്തകമാക്കി വിവർത്തനം ചെയ്ത എം.എൻ കാരശ്ശേരി ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചു. "ബെന്യാമിൻ മക്കയിലേക്കുള്ള പാത എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല." വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ ഓര്‍മയില്‍ എവിടെയെങ്കിലും കിടന്ന രണ്ടോ മൂന്നോ വാചകമോ ഇമേജോ ആടുജീവിതത്തിലേക്ക് വന്നുവെന്നതിനെ കുറ്റമായോ ദോഷമായോ കാണേണ്ടതില്ലെന്നാണ് കാരശ്ശേരി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ആടുജീവിതം മലയാളത്തിന് ലഭിച്ച മികച്ച നോവലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.