"നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല.. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപ്പെടും.. പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.." അതെ ഒരു സൂപ്പർസ്റ്റാറും വേണ്ട, പേരും പെരുമയുമുള്ള സംവിധായകനോ നിർമാതാവോ വേണ്ട, നല്ല കഥ മതി അത് നന്നായി പ്രേക്ഷകരോട് പറഞ്ഞാൽ മതി... പുതിയ സംവിധായകരോട് മലയാളി യെസ് പറയാൻ ധൈര്യം കാണിച്ചതിന് ട്രാഫിക് ഒരു തുടക്കമായിരുന്നു. ഇന്ന് ഓസ്‌കർ വേദിയിൽ വരെ എത്തിനിൽക്കുന്ന ജെല്ലിക്കെട്ടിലേക്കുള്ള മലയാള സിനിമയുടെ യാത്രക്ക് പ്രേരണയായ ചിത്രം. "എ" രാജേഷ് പിള്ള ഫിലിം.
സെപ്തംബർ 16. കേരളത്തിൽ ഒരു സൂപ്പര്‍ സ്റ്റാർ ചിത്രത്തിന്‍റെ റിലീസ് ദിവസം. ഒരു മാധ്യമപ്രവർത്തകൻ അയാൾ ആദ്യമായി അവതാരകനാകുന്ന അഭിമുഖത്തിനുള്ള ദിവസം. ഒരു ഡോക്ടറുടെ ആദ്യ വിവാഹ വാര്‍ഷികം. കൈക്കൂലി വാങ്ങി സസ്പെന്‍ഷനിലായ ട്രാഫിക് പൊലീസുകാരന്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതും ഇതേ ദിവസം. പതിവ് പോലെ ആ ദിവസം കടന്നുപോകേണ്ടിയിരുന്നു. എന്നാൽ, തന്നെ ഉപദ്രവിക്കാൻ വന്നവരിൽ നിന്ന് രക്ഷപ്പെടാൻ ധൃതിയിൽ ഒരു സ്‌ത്രീ കാറോടിച്ചപ്പോൾ നഗരമധ്യത്തിൽ ഒരു അപകടമുണ്ടാകുന്നു. ആ വാഹനാപകടം കുറേ പേരുടെ ജീവിതത്തെ പരസ്‌പരം ബന്ധിപ്പിക്കുന്നു. പിന്നീട് കഥയിൽ കാണുന്ന ഓരോരുത്തരും ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്.
ട്രാഫിക് ഒരു ത്രില്ലറാണെങ്കിലും നമുക്കിടയിൽ എപ്പോഴൊക്കെയോ സംഭവിച്ച കഥയാണത്. 2011 ജനുവരി ഏഴിന് ചിത്രം റിലീസിനെത്തുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല, പഞ്ച് ഡയലോഗുകളും ആക്ഷൻ ഫൈറ്റുകളും ആവർത്തിച്ച മലയാള സിനിമയിലെ വിരസതയിൽ നിന്ന് പുതിയ വഴി തെരഞ്ഞെടുക്കാൻ ട്രാഫിക്, സിഗ്നൽ തരികയാണെന്ന്. വലിയ പോസ്റ്ററുകളോ പ്രചാരണമോ ഇല്ലാതെ വന്ന ചിത്രം, കണ്ടിറങ്ങിയവർ കാണാത്തവരോട് പറഞ്ഞു. ട്രാഫിക് ഹിറ്റായി. വ്യത്യസ്‌തമായി എന്ത് ചെയ്യാമെന്ന് ആലോചിക്കുന്ന സിനിമാക്കാർക്ക് അത് പ്രചോദനമായി.
2005ൽ വന്ന ഹൃദയത്തിൽ സൂക്ഷിക്കാൻ ചിത്രത്തിന്‍റെ സംവിധായകനാണ് ട്രാഫിക്കിന് പിന്നിലെന്നത് അതിശയമാണെങ്കിലും, പിന്നീട് മിലിയിലൂടെയും വേട്ടയിലൂടെയും അയാളിലെ സംവിധായകൻ വീണ്ടും പ്രാവിണ്യം തെളിയിച്ചു. പല ജീവിതങ്ങളെ ഒരു ആന്തോളജിയിലേക്ക് വിടാതെ ഒറ്റ യത്നത്തിലേക്കുള്ള പോരാട്ടത്തിലേക്ക് ഒരുമിച്ചു കൊണ്ടു വന്ന സിനിമ. ബോബി - സഞ്ജയ് ടീമിന്‍റെ തിരക്കഥ.
മലയാളിക്ക് നന്നായി കണ്ടു പരിചയമുള്ള നടന്മാർ... എന്നാൽ, വ്യത്യസ്‌തമായ സ്വഭാവത്തിലും പെരുമാറ്റത്തിലും. ട്രാഫിക്കിലെ ശ്രീനിവാസനും റഹ്‌മാനും കുഞ്ചാക്കോ ബോബനും രമ്യ നമ്പീശനും ലെനയും സായ് കുമാറും കൃഷ്‌ണയും ജോസ് പ്രകാശുമൊക്കെ പുതിയ ആളുകളായി തോന്നി.. ഒപ്പം, ആസിഫ് അലി, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, നമിത പ്രമോദ് തുടങ്ങി യുവതാരനിരയും.
വലിയ മേമ്പൊടികളോ, അഭിനയ പ്രകടനമോ അല്ല, രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിൽ നടന്ന ഒരു സംഭവത്തെ ഒരു സാധാരണക്കാരന് മനസിലാക്കാനാവുന്ന വിധം അവതരിപ്പിക്കുകയായിരുന്നു രാജേഷ് പിള്ള. ഷൈജു ഖാലിദ് അതിനായി ഫ്രെയിമുകൾ ഒരുക്കി. മഹേഷ് നാരായണൻ എഡിറ്റിങും മേജോ ജോസഫ് സംഗീത സംവിധാനവും നിർവഹിച്ചു.
കൊച്ചിയിൽ നിന്നും പാലക്കാട് ആശുപത്രിയിലേക്ക് ഒരു ജീവനായുള്ള യാത്ര തിരിക്കുന്ന വാഹനം. ചുരുങ്ങിയ സമയം കൊണ്ട് സജ്ജീകരിക്കാവുന്ന എല്ലാ ക്രമീകരണങ്ങളോട് കൂടിയും പൊലീസും അവർക്ക് കൂട്ടായി നിന്നു. എന്നിട്ടും, അതിവേഗം പാഞ്ഞ സിനിമയുടെ കഥയിൽ ഇടക്ക് അപ്രതീക്ഷിതമായി വന്ന ട്വിസ്റ്റുകളും വഴിത്തിരിവുകളും.
പ്രണയവും ചതിയും സ്‌നേഹവും പ്രതികാരവും കരുതലും വാത്സല്യവും നിരാശയും നിസ്സഹായതയും ശരിയും തെറ്റും... ട്രാഫിക് എല്ലാ മാനുഷിക അവസ്ഥയും നന്നായി പറഞ്ഞുതരികയായിരുന്നു.
ഇന്ന് സിനിമ പുറത്തിറങ്ങി പത്ത് വർഷമാകുമ്പോഴേക്കും മലയാള സിനിമ ഒരുപാട് മുന്നേറിയിരിക്കുന്നു. ട്രാഫിക്കിന് അഞ്ച് വർഷം ശേഷം സംവിധായകൻ ജീവിതത്തിൽ നിന്ന് യാത്രയായി. എന്നാൽ, തിയേറ്ററുകളിൽ നിന്ന് പ്രേക്ഷകൻ പതിയെ പിന്മാറാൻ തുടങ്ങിയ കാലത്ത് നിന്ന് രാജേഷ് പിള്ള മലയാള സിനിമയെ രക്ഷിച്ചെടുക്കുകയായിരുന്നു.
അതെ, രാജേഷ് പിള്ളയുടെ ഈ ചിത്രം മലയാള സിനിമക്ക് ഒരു ട്രാഫിക് ആയിരുന്നു. ക്ലീഷേ കുടുംബചിത്രങ്ങളുടെയും കണ്ടുമടുത്ത മാടമ്പി സിനിമകളുടെയും വഴിയിൽ നിന്ന് പുതിയ വഴിയിലേക്ക് മാറി നടക്കാൻ പ്രേരിപ്പിച്ച ചിത്രം.