എറണാകുളം: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'വരവ്'. തിര, ഗോദ ഹിറ്റ് ചിത്രങ്ങളുടെ രചനയും തിരക്കഥയുമൊരുക്കിയ രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. സംവിധായകൻ തന്നെയാണ് വരവിന്‍റെ രചനയും നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഒരു മാസത്തിനകം സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന. സംവിധായകൻ രാകേഷിനൊപ്പം സരേഷ് മലയങ്കണ്ടി, ഗാന രചയിതാവ് മനു മഞ്ജിത്ത് എന്നിവരാണ് സിനിമയുടെ സഹരചയിതാക്കൾ. തിരക്കഥാകൃത്ത് എന്ന നിലയിൽ മനുവിന്‍റെ ആദ്യ സിനിമാകൂടിയാണിത്. വിശ്വജിത്താണ് ഛായാഗ്രാഹകൻ.
അരവിന്ദന്‍റെ അതിഥികൾക്ക് ശേഷം പതിയാറ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ പ്രതീപ് കുമാർ പതിയാറ നിർമിക്കുന്ന സിനിമയാണ് 'വരവ്'. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടൊവിനോയുടെ അടുത്ത സിനിമ. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടൊവിനോയുടെ പുതിയ ചിത്രം കളയുടെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ടൊവിനോക്കൊപ്പം ലാൽ, ദിവ്യ പിള്ള എന്നിവർ അഭിനയിക്കുന്ന കളയുടെ പൂജാ ചടങ്ങിലെ ചിത്രങ്ങൾ താരം മുമ്പ് പങ്കുവെച്ചിരിന്നു.